കോമരങ്ങള്‍ വടക്കിനിയുടെ പടിയിറങ്ങി ആര്‍പ്പുവിളികളോടെ നടന്നു പോകുന്ന പൂരനാളുകള്‍!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

വേനലവധിയുടെ ഓര്‍മ്മകള്‍ പിന്നെയും കടന്നു വരുന്നത് ഇന്‍സ്റ്റാഗ്രാം റീലുകള്‍ കാണുമ്പോഴാണ്. പഴയ തറവാടുകള്‍, തൊടികള്‍, കായ്ച്ചു നില്‍ക്കുന്ന കണിക്കൊന്നകള്‍, കിളിച്ചു തുടങ്ങിയ കണ്ണിമാങ്ങകള്‍, കുളം, അമ്പലപ്പറമ്പ് അങ്ങനെയേറെ. അവധിക്കാലത്തിന് കാതോര്‍ക്കുന്ന കുട്ടിപ്പട്ടാളങ്ങളൊക്കെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അബാക്കസിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി ഈ അവധിക്ക് തന്നെ ആരംഭിച്ച ട്യൂഷന്‍ ക്ലാസ്സുകളിലും ഒക്കെ വീര്‍പ്പു മുട്ടി നട്ടുച്ച വെയിലത്ത് മുറികളില്‍ അടച്ചിരിക്കുകയോ ക്ലാസുകള്‍ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി വരികയോ ചെയ്യുന്നു.

പഴയ അവധിക്കാലങ്ങള്‍ – അധ്യയന വര്‍ഷങ്ങളില്‍ നിന്നും മാറിയുള്ള കുറച്ച് നാളുകളിലേക്കുള്ള ഒളിച്ചോട്ടം – ഇല്ലാതായിയെന്നത് ഈ വര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് മനസിലായത്. എന്‍റെ വേനലവധികളില്‍ പലതും നൃത്താഭ്യാസത്തിന് മാറ്റി വെച്ചവയായിരുന്നു. ഒരു ഡാന്‍സ് ക്‌ളാസ്സില്‍  നിന്നും മറ്റൊന്നിലേക്ക് അല്ലെങ്കില്‍ ചിലപ്പോള്‍ വേനലവധി ക്യാമ്പുകളിലേക്ക്. 

ഇപ്പോഴും മനസ്സിനെ പിടിച്ചുലയ്ക്കുന്ന അവധിക്കാല ഓര്‍മ പൂരോത്സവമാണ്. ഉത്തര മലബാറില്‍ എറ്റവും പ്രധാനപ്പെട്ട ഒരുത്സവമാണ് പൂരം. ഋതുമതിയാകാത്ത പെണ്‍കുട്ടികള്‍ കാമദേവനെ കാത്ത് കാര്‍ത്തിക മുതല്‍ പൂരം വരെ അവരവരുടെ വീടുകളില്‍ പൂക്കളിടും. മുതിര്‍ന്നവര്‍ പൂക്കള്‍ വാരി കൊടുക്കുകയും അത് കുട്ടികള്‍ അത് പൂപ്പലകയിലേക്ക് പകര്‍ത്തുകയും ചെയ്യും .

ചെമ്പകം, ചെത്തി തുടങ്ങിയവയുടെ പൂവുകൾ. ഒന്‍പതാമത്തെ ദിവസം കാമദേവനെ പൂക്കളാല്‍ സൃഷ്ടിച്ച് പൂരച്ചോറും പൂര അടയും നല്‍കി അടുത്ത വര്‍ഷവും വരണേയെന്ന് അഭ്യര്‍ത്ഥിച്ച്  ഈ പൂക്കളൊക്കെ കിണറ്റിന്‍ കരയിലോ പ്ലാവിന്‍ ചോട്ടിലോ അര്‍പ്പിക്കും. ആ ദിവസം ‘പൂരം കുളി’ എന്ന് അറിയപ്പെടുന്നു. ഇന്നും പൂരം കൊണ്ടാടുന്നുണ്ട്. പക്ഷേ, പലപ്പോഴും വിദേശങ്ങളില്‍ നിന്നും കേരളത്തില്‍ വന്ന് 9 ദിവസം പൂരം കൊണ്ടാടാന്‍ പലര്‍ക്കും സമയം ഇല്ലെന്ന് മാത്രം.

എന്‍റെ അവധികള്‍ പൂരക്കാലങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. പരീക്ഷ കഴിയുമ്പോഴേക്കും പൂരനാളുകള്‍ തുടങ്ങിക്കാണും. പൂവിടുന്നത് അച്ഛന്‍റെ തറവാട്ടിലാണ്. അച്ഛമ്മയാണ് പൂക്കള്‍ ഇട്ടു തരിക. പരീക്ഷ കഴിഞ്ഞാല്‍ മാത്രമേ അവിടേക്ക് പോകുവാന്‍ കഴിയുകയുള്ളൂ. പരീക്ഷ തീര്‍ന്ന വൈകുന്നേരം അച്ഛനോ അമ്മയോ അവിടേക്ക് കൊണ്ട് പോകും. 

വലിയ തറവാടും പൂരത്തിന് മാത്രം തുറക്കാറുള്ള കൊട്ടിലകവും ഒക്കൊണ് അവിടെ എന്നെ കാത്തു നില്‍ക്കുന്നത്. അതൊക്കെ കാര്‍ത്തിക മുതലേ അച്ഛമ്മ തയ്യാറാക്കി കാണും. ചാണകം  മെഴുകിയ നിലവും ഇരുട്ട് വീണ കൊട്ടിലിനകത്തെ തൂക്കു വിളക്കും പൂരകപ്പലകയും. പൂക്കളുടെയും പ്രത്യേകിച്ച് കായ്ച്ച് നില്‍ക്കുന്ന ചെമ്പകത്തിന്‍റെയും ഗന്ധങ്ങള്‍. അന്ന് വരെ അടച്ചിട്ടതിന്‍റെ മണം. അവിടെ എവിടെയൊക്കെയോ ചുറ്റപ്പെട്ട അവ ഞാന്‍  വരുന്നതും കാത്ത് നില്‍ക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്. എന്നെക്കൂടാതെ ചേച്ചിയും ചേച്ചിയുടെ സമയം തീര്‍ന്നപ്പോള്‍ അനുജത്തിയും പൂവിടാനുണ്ടായിരുന്നു.

തറവാടിന്‍റെ തെക്ക് വശത്ത് വലിയൊരു ചെമ്പകമുണ്ട്. അതില്‍  നിന്നുമാണ് അന്നന്ന് ഇടാനുള്ള പൂക്കള്‍ തയാറാക്കുക. ഇളയമ്മയ്ക്കാണ് പലപ്പോഴും പൂക്കള്‍  തയ്യാറാക്കുന്ന പണി. അച്ഛമ്മ രാവിലെ കുളിച്ച് വെള്ളയും ഉടുത്ത് ചന്ദനക്കുറിയും തൊട്ട് മുന്‍പേ, ഞാനും ചേച്ചിയും പിറകെ തറവാട്ടിലേക്ക്. പിന്നീട് വിളക്ക് വെച്ച് പൂക്കള്‍ കുട്ടയിലാക്കി, പൂ പലകകള്‍ കഴുകി ഭസ്മം തേച്ച് കൊട്ടിലില്‍ തയാറാക്കി വയ്ക്കും. അവയ്ക്ക് മുന്നില്‍ ഞങ്ങള്‍ അനുസരണയോടെ നില്‍ക്കും. 

ആദ്യം പൂക്കള്‍ വാരി കൈകളില്‍ തരും. പിന്നീട് കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ കൊണ്ട് അവയിലേക്ക് വെള്ളം തളിച്ച് താഴെ ഇടാന്‍ ആവശ്യപ്പെടും. അതിനൊക്കെ അച്ഛമ്മയ്ക്ക് കൃത്യമായ കണക്കുകളും ചിട്ടവട്ടങ്ങളുമുണ്ട്. പലതും ഓര്‍മയില്‍ മങ്ങലേറ്റിരിക്കുന്നു. പൂവിട്ട് കഴിഞ്ഞാല്‍ കൊട്ടിലടച്ച് അച്ഛമ്മയ്‌ക്കൊപ്പം തിരിച്ചു വരും. പതുക്കെയാണ് അച്ഛമ്മ നടക്കുക, ആ വഴിയിലുള്ളവരോടൊക്കെ കുശലം പറഞ്ഞ് വീടെത്തുമ്പോഴേക്കും ഞങ്ങള്‍ക്ക് വിശന്ന് കാണും. എങ്കിലും അടുത്ത ദിവസത്തെ പ്രഭാതത്തിന് വേണ്ടിയാണ് പിന്നെ കാത്തിരിപ്പ്.

പൂരം നാളിന് മുന്നേ രാത്രിയിൽ തന്നെ കാമദേവന്‍റെ രൂപം പൂക്കള്‍ കൊണ്ട് ഉണ്ടാക്കും. കാമനെ ഉണ്ടാക്കുന്നത് അച്ചാച്ചനാണ്. നേരത്തെ തന്നെ പൂക്കള്‍ തയ്യാറാക്കി വയ്ക്കും. കാമനെ ഉണ്ടാക്കാന്‍ അച്ഛാച്ചന്‍ ടോര്‍ച്ചും കൊണ്ട് മുന്നില്‍; ഞങ്ങള്‍ പിറകില്‍ രാത്രി തറവാട്ടിലേക്ക്. ആ രാത്രി അവിടെ കാമന്‍ പൂര്‍ണനാകുന്നത് വരെ ഒരു വെപ്രാളമാണ്. 

അടുത്ത ദിവസം രാവിലെ പൂവിടാന്‍ ചെല്ലുമ്പോള്‍ സുന്ദരനായ കാമദേവന്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഭാവിയില്‍ നല്ല ഭര്‍ത്താക്കന്‍മാരെ കിട്ടാന്‍ സ്‌നേഹദേവനായ കാമന്‍റെ അനുഗ്രഹം കാത്തിരിക്കുന്ന പെണ്‍കുട്ടികള്‍. അതൊന്നും അറിയില്ലെങ്കിലും അന്നൊക്കെ പൂരം ഒരാവേശമാണ്. ചെമ്പകപ്പൂ മുതല്‍ ഉപ്പ് തൊടാതെ പ്ലാവിലയില്‍ ചുട്ടെടുക്കുന്ന പൂര അട വരെ ആഘോഷങ്ങളുടെ ഭാഗമാണ്.

ഒന്‍പതാം നാള്‍ വൈകുന്നേരം പൂരം കുളിയാണ്, അമ്പലങ്ങളിലൊക്കെ പൂരക്കളി പാട്ട് ഉയരും.  വൈകുന്നേരം അഞ്ച് മണിയോട് അടുപ്പിച്ച് കോമരങ്ങള്‍ അമ്പലത്തില്‍ നിന്നും വാല്യക്കാരുമായി വാളും പരിചയും കൊണ്ട് ഇറങ്ങും. കാമനുള്ള വീടുകളില്‍ ചെന്ന് കാമനെ കാണാനും അനുഗ്രഹം നല്‍കാനും. 

അച്ഛമ്മ കൊട്ടിലില്‍ തളികയും തിരിയും തയ്യാറാക്കി വിളക്കുകളൊക്കെ കത്തിച്ച് തെയ്യത്തിനെ കാത്തിരിക്കും, ഒപ്പം ഞങ്ങളും. ആ സമയത്ത് പരിചയമുള്ളതും ഇല്ലാത്തതുമായ കുറേയാളുകളെ തറവാട്ടിലും കൊട്ടിലിലും പറമ്പിലും കാണും, അവരൊക്കെ തെയ്യത്തിന്‍റെ അനുഗ്രഹം വാങ്ങാന്‍ വരുന്നതാണ്. 

ആര്‍പ്പ് വിളികളോടെ കോമരവും വാല്യക്കാരും കുത്ത് വിളക്കുമായി ഇരുളടഞ്ഞ കൊട്ടിലിനകത്ത് കാമനെ കാണാന്‍ കേറും. ‘ഗുണം വരണമെന്ന് ‘ഉറക്കെ വിളിച്ചു പറഞ്ഞ് കാമദേവന് ചുറ്റും മൂന്ന് വലം വെക്കും. ചിലമ്പിന്‍റെ ശബ്ദവും മഞ്ഞളിന്‍റെയും പുക്കളുടെതും കലര്‍ന്ന വല്ലാത്ത ഒരു ഗന്ധം  അപ്പോൾ കൊട്ടിലകം നിറഞ്ഞിരിക്കും. 

മഞ്ഞള്‍പൊടിയാണ് കോമരങ്ങള്‍ പ്രസാദമായി തരിക. മുതിര്‍ന്നവരുടെ കൈകളില്‍ നല്‍കി അവരെ അനുഗ്രഹിക്കും, കുഞ്ഞുങ്ങള്‍ക്ക് കയ്യിലും തിരുനെറ്റിയിലും മഞ്ഞള്‍ പ്രസാദം നല്‍കി അനുഗ്രഹിക്കും, ആര്‍പ്പുവിളികളോടെ കോമരങ്ങളും ആളുകളും വിളക്കുമേന്തി  വടക്കിനിയുടെ പാടിയിറങ്ങി നടന്ന് പോകുന്ന കാഴ്ച എന്‍റെ മനസ്സില്‍ മായാതെയുണ്ട്. 

ആ വൈകുന്നേരം കാമദേവനെ ഉണ്ടാക്കിയ പൂക്കളൊക്കെ വാരി ഉപ്പില്ലാത്ത അട അതിനകത്ത് വെച്ച് ‘കാമ ദേവാ അടുത്ത വര്‍ഷവും വരണേ’ എന്ന് വാതോരാതെ പറഞ്ഞ് കൊണ്ട് യാത്രയയക്കും. പിന്നെ രാത്രി ആറാട്ടാണ്. അമ്പലങ്ങളില്‍ കാമനെ പറഞ്ഞയക്കുന്ന ദൈവികമായ ചടങ്ങ്. അത് രാത്രി വൈകിയായതിനാല്‍ ആറാട്ടിന് പോകുന്നത് മുതിര്‍ന്ന ആളുകളാണ്. ആഗ്രഹിച്ചിട്ടും ഒരിക്കല്‍ പോലും ആറാട്ടിന് പോകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പൂരം അടുത്ത വര്‍ഷത്തെ കാത്തിരിപ്പ് അവശേഷിച്ച്, അവസാനിക്കുകയാണ്. അത് കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്ക് ഒരു ഡാന്‍സ് ക്ലാസ്സില്‍ നിന്നും മറ്റൊന്നിലേക്ക് അങ്ങനെ ആ അവധിക്കാലവും കഴിയും.

മുതിര്‍ന്നപ്പോള്‍ പലപ്പോഴും ജീവിതത്തിന്‍റെ തിരക്കുകള്‍ കാരണം പൂരത്തിന് പോകാന്‍ കഴിഞ്ഞിട്ടില്ല. അച്ഛമ്മ ഇല്ലാതായപ്പോഴും ഏറ്റവും കൂടുതല്‍ ഇല്ലാതായിപ്പോയ ഓര്‍മ്മകള്‍ പൂരം തന്നെയാണ്. ഇന്നും പൂക്കള്‍ ഇടുന്നുണ്ട്, കാമദേവന്‍ വരുന്നുണ്ട് പലപ്പോഴും കുട്ടികളില്ലാതെ ചടങ്ങുകള്‍ക്ക് വേണ്ടി മാത്രം. അച്ഛമ്മയില്ലാത്ത കൊട്ടിലുകളില്‍ എന്‍റെ ഓര്‍മ്മകള്‍ അനാഥമായി പോകുന്നത് കാരണവും തിരക്കുകള്‍ കാരണവും ഞാന്‍ ഇപ്പോൾ അതുവഴി പോകാറില്ല. ചിലപ്പോഴൊക്ക മനസ്സിലുള്ള ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ ഉണ്ടാക്കാന്‍ കഴിയാത്ത അവധിക്കാലങ്ങളെക്കാളും നല്ലതാണെന്ന് തോന്നും.

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

By admin