കൊൽക്കത്തയെ മടയിൽ കയറി അടിച്ച് ലക്നൗ; ബൗളര്‍മാരെ തൂഫാനാക്കി പുരാനും മാര്‍ഷും, വിജയലക്ഷ്യം 239 റൺസ്
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നിക്കോളാസ് പുരാന്‍റെയും ഓപ്പണര്‍ മിച്ചൽ മാര്‍ഷിന്‍യും തകര്‍പ്പൻ അര്‍ധ സെഞ്ച്വറികളാണ് ലക്നൗ ഇന്നിംഗ്സിൽ നിര്‍ണായകമായത്. മിച്ചൽ മാര്‍ഷ് 48 പന്തിൽ 6 ബൗണ്ടറികളും 5 സിക്സറുകളും സഹിതം 81 റൺസ് നേടിയപ്പോൾ പുരാൻ 36 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. 8 ബൗണ്ടറികളും 7 സിക്സറുകളുമാണ് പുരാന്‍റെ ബാറ്റിൽ നിന്ന് പിറന്നത്.
പവര്‍ പ്ലേയിൽ ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് – എയ്ഡൻ മാര്‍ക്രം സഖ്യം മികച്ച തുടക്കമാണ് ലക്നൗവിന് നൽകിയത്. പവര്‍ പ്ലേയിൽ വൈഭവ് അറോറയ്ക്ക് എതിരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സ്പെൻസര്‍ ജോൺസണെ കടന്നാക്രമിച്ചു. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലായിരുന്നു. ഒന്നാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ സ്പിന്നര്‍ സുനിൽ നരെയ്നെ കൊൽക്കത്ത കളത്തിലിറക്കി. എന്നാൽ, രണ്ടാം പന്തിൽ സിക്സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടി മാര്‍ഷ് നരെയ്നെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യ ഓവറിൽ തന്നെ നരെയ്ന് 13 റൺസ് വഴങ്ങേണ്ടിയും വന്നു. 8-ാം ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് വരുൺ ചക്രവര്‍ത്തി വീണ്ടും പിടിമുറുക്കി. തൊട്ടടുത്ത ഓവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത് നരെയ്നും താളം കണ്ടെത്തിയതോടെ റൺസിന്‍റെ വരവ് കുറഞ്ഞു. 10-ാം ഓവറിൽ വീണ്ടും വരുൺ ചക്രവര്‍ത്തിയെത്തി മത്സരം കൊൽക്കത്തയുടെ നിയന്ത്രണത്തിലേയ്ക്ക് എത്തിച്ചു. 10 ഓവര്‍ പിന്നിട്ടപ്പോൾ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 95 റൺസ്.
11-ാം ഓവറിന്‍റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ മാര്‍ക്രമിനെ തൊട്ടടുത്ത പന്തിൽ തന്നെ ഹര്‍ഷിത് റാണ മടക്കിയയച്ചു. 99 റൺസിന്‍റെ ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് മാര്‍ക്രം-മാര്‍ഷ് സഖ്യം പിരിഞ്ഞത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പും ഇതുതന്നെയാണ്. 28 പന്തിൽ 47 റൺസ് നേടിയാണ് മാര്‍ക്രം മടങ്ങിയത്. മാര്‍ക്രം മടങ്ങിയതിന് പിന്നാലെ ഈ സീസണിൽ ഓറഞ്ച് ക്യാപ് നിലനിര്‍ത്തുന്ന നിക്കോളാസ് പുരാനാണ് ക്രീസിലെത്തിയത്. 11-ാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 100ൽ എത്തി. അവസാന പന്തിൽ ഹര്‍ഷിത്തിനെതിരെ ബൗണ്ടറി നേടി മിച്ചൽ മാര്‍ഷ് അര്‍ധ സെഞ്ച്വറി തികച്ചു. 36 പന്തിലാണ് മാര്‍ഷ് 50 റൺസ് പിന്നിട്ടത്.
സ്പെൻസര്‍ ജോൺസണെ ലക്ഷ്യമിട്ടായിരുന്നു ഇന്നത്തെ മത്സരത്തിൽ ലക്നൗ ബാറ്റര്‍മാര്‍ ഇറങ്ങിയതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. തന്‍റെ മൂന്നാം ഓവറിലും സ്പെൻസര്‍ റൺസ് വിട്ടുകൊടുത്തു. മൂന്ന് ബൗണ്ടറികൾ സഹിതം 16 റൺസാണ് സ്പെൻസര്‍ എറിഞ്ഞ 12-ാം ഓവറിൽ പിറന്നത്. ആദ്യ രണ്ട് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കുകാട്ടിയ വൈഭവ് അറോറ എറിഞ്ഞ 13-ാം ഓവറിൽ 16 റൺസാണ് ലക്നൗ ബാറ്റര്‍മാര്‍ നേടിയത്. വരുൺ ചക്രവര്‍ത്തി എറിഞ്ഞ 14-ാം ഓവറിലും 16 റൺസ് നേടാൻ പുരാൻ-മാര്‍ഷ് സഖ്യത്തിനായി. ഈ ഓവറിൽ തന്നെ ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 50 റൺസും ടീം സ്കോര്‍ 150 റൺസും പിന്നിട്ടു.
13, 14 ഓവറുകൾക്ക് സമാനായി സുനിൽ നരെയ്ൻ എറിഞ്ഞ 15-ാം ഓവറിലും 16 റൺസ് കണ്ടെത്താൻ ലക്നൗ ബാറ്റര്‍മാര്‍ക്ക് സാധിച്ചു. വെസ്റ്റ് ഇൻഡീസിലെ സഹതാരമായ പുരാൻ നരെയ്നെ രണ്ട് തവണ അതിര്‍ത്തി കടത്തി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ സെഞ്ച്വറി ലക്ഷ്യമിട്ട് കുതിക്കുകയായിരുന്ന മാര്‍ഷിനെ മടക്കിയയച്ച് ആന്ദ്രെ റസൽ കൊൽക്കത്തയ്ക്ക് കാത്തിരുന്ന ബ്രേക്ക്ത്രൂ നൽകി. 48 പന്തുകളിൽ 81 റൺസ് നേടിയാണ് മാര്‍ഷ് മടങ്ങിയത്. 16-ാം ഓവറിൽ വെറും 8 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കാൻ റസലിന് കഴിഞ്ഞു.
മാര്‍ഷ് പുറത്തായതിന് പിന്നാലെ 17-ാം ഓവറിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ടിന് തിരികൊളുത്തി. ഹര്‍ഷിത് റാണയുടെ ആദ്യ രണ്ട് പന്തുകളും കാണികൾക്കിടയിലേയ്ക്ക് പറത്തി പുരാൻ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. വെറും 21 പന്തുകളിൽ നിന്നാണ് പുരാൻ 50 തികച്ചത്. 18-ാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 200 കടന്നു. റസലിന്‍റെ ഓവറിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 24 റൺസാണ് പുരാൻ അടിച്ചെടുത്തത്. ഇതോടെ 18 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ലക്നൗ 2 വിക്കറ്റ് നഷ്ടത്തിൽ 217 എന്ന നിലയിലെത്തി. 19-ാം ഓവറിൽ അബ്ദുൾ സമദിനെ പുറത്താക്കി റാണ കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ വക നൽകി. അവസാന ഓവറിൽ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ വൈഭവ് അറോറ 11 റൺസ് വിട്ടുകൊടുത്തതോടെ ലക്നൗവിന്‍റെ ഇന്നിംഗ്സ് 238 റൺസിൽ അവസാനിച്ചു. കൊൽക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ രണ്ടും ആന്ദ്രെ റസൽ ഒരു വിക്കറ്റും വീഴ്ത്തി.
READ MORE: കൊൽക്കത്തയുടെ തട്ടകത്തിൽ ലക്നൗവിന് മികച്ച തുടക്കം; പവര്‍ പ്ലേയിൽ വിക്കറ്റ് കളയാതെ 59 റൺസ്