കളിച്ചത് ഒരേയൊരു ടെസ്റ്റ്, 27-ാം വയസിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ച് ഓസീസ് ഓപ്പണ‍ർ

സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണര്‍ വിൽ പുക്കോവ്സ്കി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര കരിയറില്‍ ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ചാണ് 27-കാരനായ പുക്കോവ്സ്കി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തലയില്‍ പന്തുകൊണ്ട് തുടര്‍ച്ചയായി ക്ഷതമേറ്റതോടെയാണ് പുക്കോവ്സ്കി രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 2021ലെ സിഡ്നി ടെസ്റ്റിൽ ഇന്ത്യക്കെതിരെയാണ് പുക്കോവ്സ്കി ഓസ്ട്രേലിയക്കായി ഒരേയൊരു ടെസ്റ്റില്‍ കളിച്ചത്.

ഓപ്പണറെന്ന നിലയില്‍ ഭാവി വാഗ്ദാനമെന്ന് വിലയിരുത്തപ്പെട്ട പുക്കോവ്സ്കിക്ക് പക്ഷെ ബൗണ്‍സറുകള്‍ നേരിടുമ്പോള്‍ നിരവധി തവണ തലയില്‍ പന്തുകൊണ്ട് ക്ഷതമേറ്റിരുന്നു. കൗമാര താരമെന്ന നിലയില്‍ വിക്ടോറിയക്കായി പുറത്തെടുത്ത മികവാണ് പുക്കോവ്സ്കിയെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലെത്തിച്ചത്. ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ റിലെ മെറിഡിത്തിന്‍റെ പന്ത് തലയില്‍കൊണ്ട് ക്ഷതമേറ്റ പുക്കോവ്സ്കി കഴിഞ്ഞ ഒരു വര്‍ഷമായി മത്സര ക്രിക്കറ്റില്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുക്കോവ്സ്കിയെ പരിശോധിച്ച മെഡിക്കല്‍ സംഘവും താരത്തോട് വിരമിക്കലാണ് ഉചിതമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇനിയും തോല്‍ക്കാനാവില്ല, ഐപിഎല്ലിൽ ചെന്നൈ സൂപ്പ‍ർ കിംഗ്സിന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടം; എതിരാളികൾ പഞ്ചാബ്

ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാനില്ലെന്നും ജീവിതത്തിലെ വിഷമകരായ തീരുമാനമാണിതെന്നും സെന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പുക്കോവ്സ്കി പറഞ്ഞു.കളിക്കാരനെന്ന നിലയിലുള്ള കരിയര്‍ അവസാനിപ്പിച്ച താന്‍ ഇനി കോച്ചിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നതെന്നും പുക്കോവ്സ്കി വ്യക്തമാക്കി.പിന്നാലെ വിക്ടോറിയൻ പ്രീമിയര്‍ ലീഗ് ടീമായ മെല്‍ബണ്‍ പുക്കോവ്സ്കിയെ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കുകയും ചെയ്തു.

നാലു വര്‍ഷം മുമ്പ് ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റില്‍ അരങ്ങേറിയ പുക്കോവ്സ്കി അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്. രണ്ടാം ഇന്നിംഗ്സില്‍ പുക്കോവ്സ്കി 10 റണ്‍സെടുത്ത് പുറത്തായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 36 മത്സരങ്ങളില്‍ നിന്ന് 51.4 ശരാശരിയില്‍ 2350 റണ്‍സാണ് പുക്കോവ്സ്കിയുടെ സമ്പാദ്യം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin