എസ്എംഎ രോഗബാധിതതായ മലയാളി, സെബയുടെ പോരാട്ടം വിജയം; കോടികൾ വിലവരുന്ന മരുന്ന് ഒരു വർഷത്തേക്ക് സൗജന്യം
ദില്ലി: എസ് എം എ രോഗബാധിതയായ സെബ സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടം വിജയം. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂർവരോഗത്തിനുള്ള കോടികൾ വിലവരുന്ന മരുന്ന് ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. സെബയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കവെ ഒരു വർഷത്തേക്ക് സൗജന്യമായി മരുന്ന് നൽകാമെന്ന് സ്വകാര്യ മരുന്ന് കമ്പനി അറിയിക്കുകയായിരുന്നു. ROCHE എന്ന സ്വകാര്യമരുന്ന് കമ്പനിയാണ് ഈക്കാര്യം അറിയിച്ചത്. ഇതിനുള്ള അനുവാദം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നൽകി. സെബയ്ക്ക് കേന്ദ്രം സൗജന്യമായി മരുന്ന് നൽകണമെന്നായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ കേന്ദ്രം നൽകിയ അപ്പീലാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. എസ് എം എ രോഗബാധിതർക്കുള്ള സഹായുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി മറ്റൊരു ബെഞ്ചിലേക്ക് വിടുകയും ചെയ്തു.
ചികിത്സയ്ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തിൽ അനൂകൂല തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. രോഗബാധിതരായവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വിഷയം പല തവണ ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. സെബ നൽകിയ ഹർജിയിൽ കേന്ദ്രത്തോട് സുപ്രീംകോടതി നേരത്തെ നിലപാട് തേടിയിരുന്നു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂർവരോഗത്തിന്റെ മരുന്നിനായി കോടികളാണ് രോഗബാധിതതർ ചെലവാക്കേണ്ടി വരുന്നത്. ഈ മരുന്നുകൾ എത്തിച്ചുള്ള ചികിത്സാ സഹായത്തിനായി നാട് ഒന്നിച്ച ഉദാഹരണങ്ങളും കേരളത്തിലുണ്ട്. രാജ്യത്ത് ആകെ ഇരുപതിനായിരം എസ് എം എ രോഗബാധിതരുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ചികിത്സയ്ക്കായി മരുന്ന് ലഭിക്കാൻ വലിയ തുക ഈ കുടുംബങ്ങൾക്ക് കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കാര്യക്ഷമായ ഇടപെൽ വേണമെന്ന ആവശ്യം നിരന്തരം ഉയരുന്നത്.
കേസിൽ സെബയ്ക്കായി മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ, അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈയ്ത്രി ഹെഡ്ഗേ എന്നിവർ ഹാജരായി.