മമ്മൂക്കയുടെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരുടെ കൗതുകം കലര്‍ന്ന ശ്രദ്ധ നേടിയ ഒന്നായിരുന്നു ബസൂക്ക. മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര് മുതല്‍ ആരംഭിക്കുന്ന പുതുമയുമുണ്ട്. സ്റ്റൈലിഷ് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ഇന്നാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ അഡ്വാന്സ് ബുക്കിംഗ് സംബന്ധിച്ച ആദ്യ ബോക്സ് ഓഫീസ് കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബസൂക്കയുടെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചത്. പ്രധാന സെന്‍ററുകളിലൊക്കെ ആദ്യ മണിക്കൂറുകളില്‍ത്തന്നെ ചിത്രത്തിന് ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിച്ചു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തുന്ന ചിത്രത്തെ സംബന്ധിച്ച് ഡീസന്‍റ് ആയ പ്രതികരണമാണ് ബുക്കിംഗില്‍ ലഭിച്ചത്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 26.50 ലക്ഷം രൂപയാണ്. 460 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. ഇത്രയും ഷോകളില്‍ നിന്ന് വിറ്റ ടിക്കറ്റുകളുടെ എണ്ണം 16,742 ആണ്. വൈകിട്ട് 6.30 വരെയുള്ള ബുക്കിംഗ് കണക്കുകളാണ് ഇത്.
അതേസമയം റിലീസിന് രണ്ട് ദിവസം കൂടി ശേഷിക്കുന്നതിനാല്‍ അഡ്വാന്സ് ബുക്കിംഗില്‍ ചിത്രം ഇനിയുമേറെ മുന്നോട്ടുപോകാന്‍ സാധ്യതയുണ്ട്. ആദ്യ ദിന പ്രതികരണങ്ങള്‍ പോസിറ്റീവ് ആകുന്നപക്ഷം ബോക്സ് ഓഫീസില്‍ വലിയ ചാന്‍സ് ആണ് മമ്മൂട്ടി ചിത്രത്തിന് മുന്നിലുള്ളത്. വിഷുവും അവധിക്കാലവുമൊക്കെ ചേര്‍ന്ന സീസണ്‍ മലയാള സിനിമയുടെ പ്രധാന സീസണുകളില്‍ ഒന്നാണ്. ഡീനോ ഡെന്നീസ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.