അടിക്ക് തിരിച്ചടിയുമായി കൊൽക്കത്ത; പവര്‍ പ്ലേയിൽ ശക്തമായ നിലയിൽ

കൊൽക്കത്ത: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകര്‍പ്പൻ തുടക്കം. 239 റൺസ് എന്ന കൂറ്റൻ സ്കോര്‍ പിന്തുടരുന്ന കൊൽക്കത്ത പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ്. 15 പന്തിൽ 35 റൺസുമായി നായകൻ അജിങ്ക്യ രഹാനെയും 12 പന്തിൽ 30 റൺസുമായി സുനിൽ നരെയ്നുമാണ് ക്രീസിൽ. ഓപ്പണര്‍ ക്വിന്‍റൺ ഡീ കോക്കിന്‍റെ (15) വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 

പവര്‍ പ്ലേയിൽ ഓപ്പണര്‍മാരായ ക്വിന്‍റൺ ഡീ കോക്ക് – സുനിൽ നരെയ്ൻ സഖ്യം മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. ആകാശ് ദീപ് തുടക്കമിട്ട ആദ്യ ഓവറിന്‍റെ ആദ്യ പന്ത് തന്നെ പിഴച്ചു. ലെഗ് സൈഡിലേയ്ക്ക് പാഞ്ഞ പന്ത് കീപ്പറെയും മറികടന്ന് ബൗണ്ടറിയിലെത്തി. 5 റൺസ് വെറുതെ ലഭിച്ചതിന്‍റെ ആനുകൂല്യം കൊൽക്കത്ത ബാറ്റര്‍മാര്‍ മുതലെടുക്കുന്നതാണ് പിന്നീട് കാണാനായത്. തുടര്‍ച്ചായായി രണ്ട് വൈഡുകൾ കൂടി ആകാശ് ദീപ് നൽകി. അടുത്ത പന്ത് സിക്സര്‍ പറത്തി സുനിൽ നരെയ്ൻ നയം വ്യക്തമാക്കി. ആദ്യ ഓവറിൽ പിറന്നത് 16 റൺസ്. 

രണ്ടാം ഓവറിന്‍റെ ആദ്യ പന്ത് തന്നെ ശാര്‍ദൂൽ താക്കൂറിനെതിരെ സിക്സറടിച്ച് ക്വിന്‍റൺ ഡീകോക്കും വരവറിയിച്ചു. അവസാന രണ്ട് പന്തുകൾ നരെയ്ൻ ബൗണ്ടറി കണ്ടെത്തിയതോടെ 15 റൺസാണ് ഈ ഓവറിൽ കൊൽക്കത്തയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറിന്‍റെ ആദ്യ പന്ത് സിക്സര്‍ പറത്തി ഡീ കോക്ക് തുടങ്ങിയെങ്കിലും മൂന്നാം പന്തിൽ ഡീ കോക്കിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ആകാശ് ദീപ് ലക്നൗ കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചു. എന്നാൽ അജിങ്ക്യ രഹാനെ നേരിട്ട അവസാന രണ്ട് പന്തുകളും ബൗണ്ടറിയിലേയ്ക്ക് പാഞ്ഞതോടെ കൊൽക്കത്തയുടെ സ്കോര്‍ ഉയര്‍ന്നു. 

നാലാം ഓവറിന്‍റെ മൂന്നാം പന്തിൽ ടീം സ്കോര്‍ 50 കടന്നു. സിക്സര്‍ പറത്തിയാണ് നരെയ്ൻ ടീം സ്കോര്‍ 53ലേയ്ക്ക് ഉയര്‍ത്തിയത്. ഇതോടെ നരെയ്നെതിരെ സമ്മര്‍ദ്ദത്തിലായ ശാര്‍ദൂൽ തുടര്‍ച്ചയായി മൂന്ന് വൈഡുകൾ എറിഞ്ഞു. സാഹചര്യം മുതലെടുത്ത നരെയ്ൻ അവസാന പന്തും ബൗണ്ടറിയിലേയ്ക്ക് പായിച്ചതോടെ 4 ഓവറുകൾ പൂര്‍ത്തിയായപ്പോൾ കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലെത്തി. ആകാശ് ദീപ് എറിഞ്ഞ 5-ാം ഓവറിൽ ആദ്യത്തെ രണ്ട് പന്തുകളും ബൗണ്ടറി നേടി രഹാനെയും ഫോമിന്‍റെ ലക്ഷണങ്ങൾ കാണിച്ചു.  5 ഓവറുകൾ പൂര്‍ത്തിയായപ്പോൾ 73 എന്ന നിലയിൽ നിന്ന് പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ 1/90 റൺസ് എന്ന നിലയിലേയ്ക്ക് കൊൽക്കത്ത കുതിക്കുകയായിരുന്നു. 

READ MORE: കൊൽക്കത്തയെ മടയിൽ കയറി അടിച്ച് ലക്നൗ; ബൗളര്‍മാരെ തൂഫാനാക്കി പുരാനും മാര്‍ഷും, വിജയലക്ഷ്യം 239 റൺസ്

By admin