6200 എംഎഎച്ച് ബാറ്ററി, ഐഫോണ്‍ 16 ഡിസൈന്‍; ഞെട്ടിക്കാന്‍ വൺപ്ലസ് 13ടി ഈ മാസം പുറത്തിറങ്ങും

ബെയ്‌ജിങ്: ചൈനീസ് ബ്രാന്‍ഡായ വൺപ്ലസ് ഒരു കോം‌പാക്റ്റ് സ്‍മാർട്ട്‌ഫോണിന്‍റെ പണിപ്പുരയിലാണ് എന്ന അഭ്യൂഹം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കമ്പനിയുടെ ഈ പുതിയ സ്‍മാർട്ട്ഫോണിന്‍റെ പേര് വൺപ്ലസ് 13ടി (OnePlus 13T) എന്നായിരിക്കും. വൺപ്ലസ് 13ടി ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. 

വൺപ്ലസ് 13ടി ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ കമ്പനി നൽകിയിട്ടുണ്ട്. പക്ഷേ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. വണ്‍പ്ലസ് അധികൃതര്‍ ടീസറിൽ ഒരു കോം‌പാക്റ്റ് ഫോണിനെക്കുറിച്ചാണ് പറയുന്നത്. വൺപ്ലസ് 13ടി-യെക്കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ വൺപ്ലസ് തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഒരു ചെറിയ വീഡിയോ പങ്കിട്ടു. കമ്പനി ഇതിനെ ഒരു കോം‌പാക്റ്റ് ഫോൺ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രീനുള്ള ഒരു സ്‍മാർട്ട്ഫോൺ ആയിരിക്കും ഇത്. ഈ സ്മാർട്ട്‌ഫോണിൽ നിങ്ങൾക്ക് ശക്തമായ പ്രകടനം ലഭിക്കും. കോംപാക്റ്റ് ഡിസൈനിലാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഈ ഫോൺ പിന്നാലെ ആഗോള വിപണിയിൽ അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

Read more: പുതിയ പ്രൈവസി ഫീച്ചറുമായി വാട്‌സ്ആപ്പ്; ഫോട്ടോകളും വീഡിയോകളും ലീക്കാവുന്നു എന്ന പേടി വേണ്ട

വൺപ്ലസ് 13ടി-യിൽ പുതിയ ഐഫോണുകളെയും മുൻനിര ആൻഡ്രോയ്‌ഡ് ഡിവൈസുകളെയും പോലെ പ്രീമിയം ഗ്ലാസ് ബാക്ക്, മെറ്റൽ ഫ്രെയിം, ഫ്ലാറ്റ് എഡ്‍ജുകൾ എന്നിവ ഉണ്ടായിരിക്കാമെന്നാണ് ഓൺലൈനിൽ പ്രചരിക്കുന്ന ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഫോണിന്‍റെ ഭാരം 185 ഗ്രാം മാത്രമാണെന്നും അഭ്യൂഹമുണ്ട്. ഐഫോൺ 16 പോലുള്ള ചില ഡിസൈൻ ഈ ഫോണിൽ ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മിക്ക ഫ്ലാഗ്ഷിപ്പുകളിലും കാണുന്ന ട്രിപ്പിൾ അല്ലെങ്കിൽ ക്വാഡ്-ക്യാമറ സജ്ജീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ഫോണിൽ ഡ്യുവൽ-ക്യാമറ സിസ്റ്റമാണ് അവതരിപ്പിക്കാന്‍ സാധ്യത.

ഹാൻഡ്‌സെറ്റിലെ അലേർട്ട് സ്ലൈഡറിന് പകരം കസ്റ്റമൈസ് ചെയ്യാവുന്ന ഒരു ബട്ടൺ നൽകും. ഇത് ഐഫോൺ 16-ലെ ആക്ഷൻ ബട്ടൺ പോലെ ആകാൻ സാധ്യത ഉണ്ട്. സ്മാർട്ട്‌ഫോണിന് 120 ഹെര്‍ട്‌സ് റീ ഫ്രെഷ്  നിരക്കുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഇതിൽ നൽകാൻ സാധ്യതയുണ്ട്. 6200 എംഎഎച്ച് ബാറ്ററി ആയിരിക്കും ഈ പുതിയ സ്‍മാർട്ട്ഫോണിന്‍റെ പവർ ഹൗസ് എന്നാണ് സൂചന. ഈ ബാറ്ററി 80 വാട്സ് അതിവേഗ ചാർജിംഗിനെ പിന്തുണയ്ക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏപ്രിൽ അവസാനത്തോടെ ചൈനയിൽ വൺപ്ലസ് 13ടി സ്‍മാർട്ട് ഫോൺ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആഗോളതലത്തിൽ ഇത് എപ്പോൾ പുറത്തിറങ്ങുമെന്ന് ഇതുവരെ വിവരങ്ങള്‍ ലഭ്യമല്ല. 

Read more: പുതിയ പ്രീമിയം സ്‍മാർട്ട്‌ഫോണുകൾ വരവായി; നോക്കിയ പിന്തുണയോടെ അൽകാടെൽ ഇന്ത്യയിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin