50,000 കൊടുക്കാതെ 5000 കൊടുത്തു, വരനെ ‘യാചകനെ’ന്ന് വിളിച്ചു, പൂട്ടിയിട്ട് മർദ്ദിച്ചെന്ന് ആരോപണം

വിവാഹവുമായി ബന്ധപ്പെട്ട് ചിലപ്പോൾ ആഘോഷങ്ങളും സന്തോഷങ്ങളും മാത്രമല്ല. വഴക്കുകളും ഉണ്ടാകാറുണ്ട്. ചില സംഭവങ്ങളാകട്ടെ പൊലീസ് സ്റ്റേഷനിൽ വരേയും എത്തും. അതുപോലെ ഒരു സംഭവമാണ് ഉത്തർ പ്രദേശിലെ ബിജ്നോറിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. 

വിവാഹസമയത്തെ ചടങ്ങുകളിൽ ഒന്നാണ് ‘ജൂട്ട ചുപൈ’ അഥവാ ചെരിപ്പ് ഒളിപ്പിക്കൽ. ഇതിന്റെ ഭാ​ഗമായി വരൻ വധുവിന്റെ വീട്ടുകാർക്ക് പണം നൽകണം. ഇവിടെ വരൻ നൽകിയത് 5000 രൂപയാണ്. 50,000 രൂപയ്ക്ക് പകരം വെറും 5000 നൽകി എന്നാരോപിച്ച് ഇതോടെ സംഘർഷമുണ്ടാവുക​യായിരുന്നു. 

വധുവിന്റെ ഭാ​ഗത്ത് നിന്നുള്ള സ്ത്രീകൾ വരനെ ‘യാചകൻ’ എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. മാത്രമല്ല, വരനെ ഒരു മുറിയിൽ പൂട്ടിയിട്ട് വധുവിന്റെ വീട്ടുകാർ അയാളെ വടിയെടുത്ത് അടിച്ചു എന്നും പറയുന്നു. 

ഉത്തരാഖണ്ഡിലെ ചക്രതയിൽ നിന്നുള്ളതാണ് വരൻ മുഹമ്മദ് ഷബീർ. ശനിയാഴ്ച കുടുംബത്തോടൊപ്പം വിവാഹ ഘോഷയാത്രയായി ബിജ്‌നോറിൽ എത്തിയപ്പോഴാണ് സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വധുവിന്റെ സഹോദരന്റെ ഭാര്യ ഷബീറിന്റെ ചെരിപ്പ് മാറ്റിവയ്ക്കുകയും അത് തിരികെ ലഭിക്കാൻ 50,000 രൂപ ആവശ്യപ്പെടുകയും ചെയ്തത്.

എന്നാൽ, ഷബീർ 5000 രൂപയാണ് വധുവിന്റെ സഹോ​ദരഭാര്യയ്ക്ക് നൽകിയത്. എന്നാൽ, ഇതിനുശേഷം കുറച്ച് കഴിഞ്ഞപ്പോൾ മറ്റ് ചില സ്ത്രീകൾ യുവാവിനെ ‘യാചകൻ’ എന്ന് വിളിക്കുകയായിരുന്നത്രെ. 

അധികം വൈകാതെ ഇതേച്ചൊല്ലി സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തു. പിന്നാലെ, വധുവിന്റെ വീട്ടുകാർ തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് വടിയെടുത്ത് അടിച്ചു എന്നാണ് യുവാവ് പറയുന്നത്. 

എന്നാൽ, വധുവിന്റെ വീട്ടുകാർ പറയുന്നത്, സമ്മാനമായി ലഭിച്ച സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഷബീറിന്റെ കുടുംബം ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ്. പണമാണ് അവർക്ക് പെൺകുട്ടിയേക്കാൾ വലുതെന്ന് ഷബീറിന്റെ കുടുംബം പറഞ്ഞുവെന്നും അവർ ആരോപിക്കുന്നു. എന്തായാലും, സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്കും കാര്യങ്ങളെത്തി. 

ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്നം പരിഹരിച്ചു എന്നാണ് നജീബാബാദ് പൊലീസ് പറയുന്നത്. 

ഭാവിയിൽ ദുഃഖിക്കേണ്ടി വരും, സ്വന്തം വിവാഹത്തിന് ഇങ്ങനെയാണോ വരുന്നത്; മേക്കപ്പിടാതെത്തിയ യുവതിക്ക് വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin