സിംഗപ്പൂർ: രാജകുടുംബാംഗമെന്ന പേരിൽ വൻ തട്ടിപ്പ് നടത്തി മുങ്ങിയ 84കാരിക്കെതിരെ സിംഗപ്പൂരിൽ കേസ്. ബ്രിട്ടീഷ് പൌരയായ ഡിയോൺ മേരി ഹന്ന എന്ന 84കാരി മകനെന്ന പേരിൽ ഗ്രഹം ഹോർണിഹോൾട് എന്ന ബേക്കറി ഉടമയോട് ചെയ്ത വൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിയായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് നിരവധിപ്പേർ 84കാരിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. അനാഥാലയത്തിലും ഫോസ്റ്റർ കെറിലുമായി വളർന്ന ഗ്രഹാമിനെ 2020ലാണ് 84കാരി സമീപിക്കുന്നത്. ഗ്രഹാമിന്റെ അമ്മയാണ് താനെന്നും ബ്രൂണെയ് സുൽത്താന്റെ അവിഹിത ബന്ധത്തിലെ മകളാണ് താനെന്നുമാണ് ഇവർ യുവാവിനോട് പറഞ്ഞത്. ഡിഎൻഎ പരിശോധനയിൽ 84കാരി ഗ്രഹാമിന്റെ അമ്മയാണെന്നും തെളിഞ്ഞു.
ഇതോടെ ബാല്യത്തിൽ നഷ്ടമായ അമ്മയുടെ സ്നേഹം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായി യുവാവ്. എന്നാൽ 84കാരിയുടെ അത്യാഡംബര ജീവിത ശൈലിയുടെ ഭാരം ഗ്രഹാമിന്റെ തോളിലായി. തന്റെ ബിസിനസുകളുടേയും സമ്പാദ്യങ്ങളും ഗ്രഹാമിന് കൈമാറുകയാണെന്ന് വിശദമാക്കിയ ഇവർ ഗ്രഹാമിന്റെ ചെലവിൽ അത്യാഡംബര ജീവിതം നയിക്കുകയും ചെയ്തു. ഗ്രഹാമും ഭാര്യയും ഗ്രഹാമിന്റെ അടുത്ത സുഹൃത്തുക്കളും പാപ്പരായതോടെ 84കാരി മുങ്ങുകയായിരുന്നു. യുവാവിന് അമ്മയെന്ന പേരിൽ 84കാരിയിൽ നിന്നുണ്ടായ വൻ ചതി വിശദമാക്കുന്ന കോൺ മം എന്ന ഡോക്യുമെന്ററി മാർച്ച് 25നാണ് നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടത്.
ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററിയിൽ നിന്ന് 84കാരിയെ തിരിച്ചറിഞ്ഞ മൂന്ന് സിംഗപ്പൂർ സ്വദേശികളാണ് ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകിയിട്ടുള്ളത്. സിംഗപ്പൂരിന് പുറമേ ഫ്രാൻസിലും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നത്. £300,000 യൂറോ(ഏകദേശം 3,31,73,310 രൂപ)യാണ് ഇവർ ഗ്രഹാമിൽ നിന്ന് മാത്രം തട്ടിയത്. നേരത്തെ ബ്രിട്ടനിൽ കടകളിൽ തട്ടിപ്പ് നടത്തിയതിനും സാമ്പത്തിക തട്ടിപ്പിലും ഇവർ പ്രതിയാണെന്ന് വ്യക്തമാക്കുന്നതാണ് കോൺ മം എന്ന ഡോക്യുമെന്ററി. 149,000 യുഎസ് ഡോളർ(16476077 രൂപ) ആണ് 84കാരി തട്ടിയതെന്നാണ് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതിയിൽ ആരോപിക്കുന്നത്. 20 വർഷം തടവും പിഴയും നേരിടാവുന്ന കുറ്റങ്ങളാണ് വീഡിയോ മുഖേന ലിങ്കിലൂടെ ഹാജരായ 84കാരിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം