2.25 കോടി ഓപണിം​ഗ്! ഞെട്ടിച്ച് തുടക്കം, പിന്നാലെ ബോക്സ് ഓഫീസില്‍ വീഴ്ച; തെലുങ്ക് ‘എമ്പുരാന്’ സംഭവിച്ചത്

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ ഇന്ന് എമ്പുരാന്‍റെ പേരിലാണ്. 250 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രവും. മലയാളികള്‍ക്ക് പുറത്ത് മറുഭാഷാ പ്രേക്ഷകരിലേക്കും എത്തണമെന്ന് കരുതിയായിരുന്നു ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോഷന്‍ ഒക്കെയും. അതിലൂടെ ഇന്ത്യയില്‍ എമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ ഏറിയകൂറും വന്നത് മലയാളം ഒറിജിനല്‍ പതിപ്പില്‍ നിന്ന് മാത്രമാണ്. എന്നാല്‍ ആദ്യ ദിന കളക്ഷന്‍ വന്നപ്പോള്‍ മലയാളത്തിന് പുറമെ മറ്റൊരു ഭാഷാ പതിപ്പും നിര്‍മ്മാതാക്കളില്‍ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു. തെലുങ്ക് പതിപ്പ് ആയിരുന്നു അത്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്നതിനൊപ്പം പൃഥ്വിരാജ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ പരിചിതനാണ് എന്നതും തെലുങ്ക് പതിപ്പിന് ആദ്യ ദിനം മികച്ച കളക്ഷന്‍ സൃഷ്ടിച്ചു. പൊലീസ് പൊലീസ് എന്ന ചിത്രത്തിലൂടെ 2010 ല്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് പക്ഷേ തെലുങ്കില്‍ ജനപ്രീതി നേടുന്നത് 2023 ല്‍ പ്രഭാസിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സലാറിലൂടെ ആണ്. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. തെലുങ്ക് പതിപ്പ് ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 1.15 കോടി ആയിരുന്നു. ആന്ധ്ര ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം എമ്പുരാന്‍ തെലുങ്ക് പതിപ്പിന്‍റെ ആഗോള ഓപണിംഗ് ഗ്രോസ് 2.25 കോടിയും. അപ്രതീക്ഷിത കളക്ഷന്‍ ആയിരുന്നു ഇത്.

എന്നാല്‍ ആദ്യദിനം കണ്ട പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാതെവന്നതോടെ പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ വലിയ ഇടിവ് വന്നു. എന്നാലും രണ്ടാം ദിവസം 25 ലക്ഷവും മൂന്നാം ദിനം 27 ലക്ഷവും തെലുങ്ക് പതിപ്പ് നേടി. റീ എഡിറ്റഡ് പതിപ്പ് എത്തിയതിന്‍റെ തലേദിവസം 13 ലക്ഷം നേടിയ ചിത്രം കട്ട് ചെയ്ത പതിപ്പ് എത്തിയ ദിവസം നേടിയത് 5 ലക്ഷം മാത്രമായിരുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് തെലുങ്ക് പതിപ്പ് ആദ്യ 10 ദിനങ്ങളില്‍ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 2.47 കോടിയാണ്. 

അതേസമയം റിലീസ് ദിനത്തില്‍ ഏഴ് ലക്ഷം മാത്രം നേടിയ തമിഴ് പതിപ്പ് ഇന്ത്യയില്‍ നിന്ന് ഇതുവരെ 3.66 കോടി നെറ്റ് നേടിയിട്ടുണ്ട്. മറുഭാഷാ പ്രേക്ഷകരില്‍ ഒരു വിഭാഗം അതത് സംസ്ഥാനങ്ങളില്‍ മലയാളം പതിപ്പ് തന്നെയാണ് ഇംഗ്ലീഷ് സബ് ടൈറ്റിലോടെ കണ്ടത് എന്നതും ശ്രദ്ധേയമാണ്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാ ഭാഷാ പതിപ്പുകളും ചേര്‍ന്ന് 30 കോടിയില്‍ അധികം ഗ്രോസ് നേടിയിരുന്നു.

ALSO READ : ‘ഇതെങ്ങനെ ക്രിസ്ത്യാനികള്‍ക്ക് അപമാനമാകും’? ‘എമ്പുരാനി’ലെ രംഗത്തെക്കുറിച്ച് തമ്പി ആന്‍റണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin