10 ലക്ഷം അനുവദിച്ച മന്ത്രിക്ക് ഫ്ലക്സ്! കമ്മീഷൻ ചെയ്യാത്ത പദ്ധതിക്കായി റോഡ് പൊളിച്ചു, വെള്ളവും വഴിയുമില്ല
ഇടുക്കി: ഇതുവരെ കമ്മീഷൻ ചെയ്യാത്ത കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിച്ചതോടെ ഗതികേടിലായി ഒരു നാട്. കാൽനടപോലും ദുസ്സഹമായ ഇടുക്കി കോളപ്രയിലെ ജനങ്ങളാണ് പ്രതിസന്ധിയിലായത്. ആദിവാസി കോളനികളിലേക്കുൾപ്പെടെ ഏക വഴിയായ കോളപ്ര – അടൂർമല റോഡാണ് പൈപ്പിടാൻ എന്ന പേരിൽ വർഷങ്ങൾക്ക് മുമ്പ് കുത്തിപ്പൊളിച്ചത്. ആശുപത്രിയിലേക്കുൾപ്പെടെയുളള അടിയന്തിര സാഹചര്യങ്ങളിൽ ഈ ദുരിതം താണ്ടിവേണം ഇവർക്ക് പുറംലോകത്തേക്കെത്താൻ. സ്കൂളും അംഗൻവാടിയും പ്രാഥമികാരോഗ്യകേന്ദ്രവുമൊക്കെയുണ്ടിവിടെ. എന്നാൽ ഇവിടങ്ങളിലേക്കെത്തിപ്പെടാനുളള വഴിയാണ് കഠിനം. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ വേണ്ടിയാണ് രണ്ടര വർഷങ്ങൾക്ക് മുമ്പ് റോഡ് വെട്ടിപ്പൊളിച്ചത്.
പൈപ്പിടൽ കഴിഞ്ഞു. ടാങ്കിന്‍റെ പണി പൂർത്തിയാവാത്തതിനാൽ കുടിവെള്ളമെത്തിയില്ല. റോഡിന്‍റെ കാര്യം കൂടി അധികൃതർ മറന്നതോടെ, വെള്ളവും വഴിയുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. റോഡിനായി 10 ലക്ഷം രൂപ അനുവദിച്ച മന്ത്രിക്ക് അഭിവാദ്യമർപ്പിച്ച ഫ്ലക്സുകളുണ്ടിവിടെ. എന്നാൽ പണിനടക്കുമോയെന്ന കാര്യത്തിൽ ഇവർക്കിപ്പോഴും ഒരുറപ്പുമില്ല. ജില്ലാ പഞ്ചായത്തിന്‍റേത് ഉൾപ്പെടെ പദ്ധതി നിർവ്വഹണത്തിൽ ഒരു രൂപപോലും അനുവദിച്ചിട്ടില്ലെന്നാണ് നാട്ടുകാർക്ക് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി. കൂറുമാറിയതിന് പഞ്ചായത്ത് അംഗത്തിന് അയോഗ്യത വന്നതോടെ, ജനപ്രതിനിധിയുടെ ശബ്‍ദവുമില്ല. ചുരുക്കത്തിൽ റോഡിലേക്കുളള വഴിതേടുകയാണ് നൂറിലേറെ കുടുംബങ്ങളുള്ള അടൂർമല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം