ഹോട്ട് യോ​ഗയ്‍ക്കിടെ ദാഹിച്ചു, ഇൻസ്ട്രക്ടർ വെള്ളം കുടിക്കാൻ വിട്ടില്ലെന്ന് യുവതി, പിരിച്ചുവിട്ടു 

ഹോട്ട് യോ​ഗയ്ക്ക് ഇന്ന് പലയിടങ്ങളിലും നല്ല പ്രചാരമുണ്ട്. ഇത് പരിശീലിക്കുന്ന ഒരുപാട് ആളുകളുമുണ്ട്. എന്നാൽ, ഹോട്ട് യോ​ഗ ചെയ്യുന്നതിനിടെ പരിശീലക വെള്ളം കുടിക്കാൻ അനുവദിച്ചില്ല എന്ന് ആരോപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഒരു ഇൻഫ്ലുവൻസർ. 

29 -കാരിയായ റോമ അബ്ദേസെലമാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിലെ ബോഡെ സ്റ്റുഡിയോയിൽ ഹോട്ട് യോ​ഗ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ തനിക്ക് പെട്ടെന്ന് ദാഹിച്ചെന്നും എന്നാൽ പരിശീലക വെള്ളം കുടിക്കാൻ അനുവദിക്കാതെ എല്ലാവരുടെ മുന്നിൽ നിന്നും കയർത്ത് സംസാരിച്ചു എന്നുമാണ് റോമ പറയുന്നത്. 

യോഗാസനത്തിൽ നിന്നും മാറി താൻ കുപ്പിയെടുത്ത് വെള്ളം വെള്ളം കുടിക്കാൻ നോക്കിയപ്പോൾ ഐറീന എന്ന ഇൻസ്ട്രക്ടർ തന്നെ തടഞ്ഞു. അവർ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് റോമയുടെ ആരോപണം.

ഇത് സാധാരണമാണോ എന്നാണ് റോമ ചോദിക്കുന്നത്. അവർ തന്നെ വെള്ളം കുടിക്കാൻ അനുവദിച്ചില്ല. വെള്ളം കുടിക്കാറായിട്ടില്ല. ആകുമ്പോൾ താൻ പറയും എന്നാണ് ഇൻസ്ട്രക്ടർ പറഞ്ഞതെന്നും റോമ ആരോപിക്കുന്നു. 

എന്നാൽ, സംഭവത്തിന് പിന്നാലെ യോഗാ ഇന്‍സ്ട്രക്ടറെ സ്ഥാപനം പിരിച്ചുവിട്ടു. യോ​ഗാ സ്റ്റുഡിയോ പറയുന്നത് ഈ പറയുന്ന ഇൻസ്ട്രക്ടർ നിലവിൽ അവിടെ ജോലി ചെയ്യുന്നില്ല എന്നാണ്. അവരുടെ പെരുമാറ്റം സ്റ്റുഡിയോയുടെ നിലവാരത്തിന് ചേർന്നതായിരുന്നില്ല എന്നും സ്റ്റുഡിയോ സ്ഥാപക ജെൻ ലോബോ പ്ലാമോണ്ടൻ പറഞ്ഞു. 

എന്നാൽ, യോ​ഗ ഇൻസ്ട്രക്ടർ പറയുന്നത്, താനത് സാധാരണ രീതിയിൽ പറഞ്ഞതാണ് എന്നാണ്. താൻ ആ‍ജ്ഞാപിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്തതല്ല എന്നും സാധരണ രീതിയിൽ ഇത് കഴിഞ്ഞിട്ട് വെള്ളം കുടിക്കാം എന്ന് പറയുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അവർ പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin