സ്റ്റീഫനും ഖുറേഷിയും നിര്‍ത്തിയ ഇടത്ത് ഷണ്‍മുഖന്‍ ‘തുടരും’: മോഹന്‍ലാല്‍ ചിത്രം റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

ഇപ്പോള്‍ ഏറെ കാത്തിരിപ്പിന് ശേഷം ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രില്‍ 24ന്  റിലീസാകും. എമ്പുരാന് ശേഷം മോഹന്‍ലാലിന്‍റെ റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ നേരത്തെ ഇറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പിന്നീട് നീട്ടിവയ്ക്കുകയായിരുന്നു. 

രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. 

കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് തുടരും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. ചിത്രത്തിന്‍റെ ഡബ്ബിംഗ് നവംബറില്‍ തന്നെ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. 

ചിരിപ്പിച്ച് തുടങ്ങി അവസാനം ഞെട്ടിച്ച് ഷൺമുഖൻ; ‘തുടരും’ ട്രെയിലർ എത്തി

തുടരും എങ്ങനെയുണ്ടാകും?, മോഹൻലാലിന് പറയാനുള്ളത്

By admin