തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഒളിവിലുള്ള പ്രതി സുകാന്തിനെതിരെ കേരളത്തിന് അകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ്. പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, ഇതിൽ അന്വേഷണം നടക്കുകയാണെന്നും തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നിൽ ചാടിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് എത്തി, പൊലീസിൽ പരാതി നൽകി. പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനടക്കമുള്ള തെളിവുകൾ കുടുംബം പൊലീസിന് കൈമാറിയിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്തിന്‍റെ വീട്ടിൽ നിന്ന് സുകാന്തിന്‍റെ മൊബൈലും ലാപ്ടോപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇവ പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രാജ്യം വിട്ട് പോകാതെ ഇരിക്കാനായി ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിക്ക് പ്രതി വിവാഹം വാഗ്ദാനം നൽകിയിരുന്നുവെന്നാണ് വിവരം. ഈ ബന്ധം ഉള്ളപ്പോള്‍ തന്നെ സുകാന്ത് മറ്റൊരു പെൺകുട്ടിയുമായും ബന്ധം പുലർത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗർഭഛിദ്രത്തിന് ശേഷം ബന്ധത്തിൽ നിന്നും പിൻമാറാൻ സുകാന്ത് ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിവാഹത്തിൽ നിന്നും പിൻമാറുന്നതായി അയച്ച സന്ദേശം പൊലിസിന് ലഭിച്ചു. മൂന്നേകാൽ ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടിൽ നിന്നും സുകാന്തിന്‍റെ അക്കൗണ്ടിലേക്ക് മറ്റിയതിന്‍റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ഒളിവിലുള്ള സുകാന്ത് മുൻകൂർ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സുകാന്തിനെതിരായ തെളിവ് നിരത്തിയുള്ള വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകും.