കോഴിക്കോട്: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത എ പി വിഭാഗത്തിന്‍റെ മുഖപത്രമായ ‘സിറാജി’ൽ മുഖപ്രസംഗം. പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടയ്ക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടാവാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്ന് മുഖപ്രസംഗം ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു.
മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും സമുദായ അംഗങ്ങൾ വായു ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നായിരുന്നു പരാമർശം ചർച്ചയായ ശേഷവും വെള്ളാപ്പള്ളിയുടെ പ്രതികരണം.
‘സിറാജ്’ എഡിറ്റോറിയിലിന്‍റെ പൂർണരൂപം
മലപ്പുറം ജില്ലാ രൂപവത്കരണ കാലംതൊട്ടേ, അഞ്ചര പതിറ്റാണ്ടായി കേട്ടുവരുന്നതും കേരളീയ സമൂഹം ചവച്ചുതുപ്പിയതുമായ ആരോപണങ്ങളുടെ ആവർത്തനമാണ് എസ് എൻ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ചുങ്കത്തറയിൽ കഴിഞ്ഞ ദിവസം നടത്തിയത്. ‘മലപ്പുറം പ്രത്യേക രാജ്യമാണ്. പ്രത്യേക തരം ആളുകളുടെ സംസ്ഥാനമാണ്. ഈഴവർ ഭയപ്പാടോടെയാണ് അവർക്കിടയിൽ ജീവിക്കുന്നത്. ഈഴവർക്കവിടെ സ്വതന്ത്രമായി അഭിപ്രായം പറയാനോ സ്വതന്ത്രമായി വായു ശ്വസിക്കാനോ ആകുന്നില്ല’ എന്നിങ്ങനെ പോകുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരമാർശങ്ങൾ. മുസ്‌ലിംകൾ തീവ്രവാദികളും പരമത വിദ്വേഷികളുമാണെന്ന സംഘ്പരിവാർ ആരോപണങ്ങളിൽ നിന്നു കടമെടുത്ത വാക്കുകൾ.
‘മലപ്പുറത്ത് ഹിന്ദുക്കൾക്ക് ഭൂമിവാങ്ങാൻ അവകാശമില്ല. അവരെ കച്ചവടം ചെയ്യാൻ അനുവദിക്കുന്നില്ല. ഹിന്ദുക്കളെ അക്രമിക്കാൻ കത്തി കൈവശം വെക്കുന്നവരാണ് മലപ്പുറത്തെ മുസ്‌ലിംകൾ. പാകിസ്താൻ തീവ്രവാദികളുടെ താവളമാണ് താനൂർ കടപ്പുറം. മലപ്പുറം ജില്ല രൂപവത്കൃതമായാൽ അതൊരു കൊച്ചു പാകിസ്താനായി മാറും. അമുസ്‌ലിംകളെ മതപരിവർത്തനം നടത്തി മുസ്‌ലിംകളാക്കുന്ന സ്ഥാപനം നടത്തി വരുന്നുണ്ട് മലപ്പുറത്തെ പൊന്നാനിയിൽ. ജില്ല രൂപവത്കൃതമായാൽ പാക് തീവ്രവാദികളുമായി മലപ്പുറത്തെ മുസ്‌ലിംകൾ ബന്ധം സ്ഥാപിക്കു’മെന്നായിരുന്നു 1969ൽ ജില്ലാ രൂപവത്കരണ കാലത്ത് സംഘ്പരിവാർ വൃത്തങ്ങൾ പ്രചരിപ്പിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, കേരള ഗാന്ധിയെന്നറിയപ്പെട്ടിരുന്ന കെ കേളപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അന്ന് ജില്ലാ രൂപവവത്കരണത്തിനെതിരെ രംഗത്തു വരികയും കേളപ്പൻ ചെയർമാനായി ജില്ലാവിരുദ്ധ സമിതി രൂപവത്കരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ബി ജെ പി നേതാവ് ഒ രാജഗോപാലായിരുന്നു സമിതി കൺവീനർ. ‘രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണ് മലപ്പുറം ജില്ല. കിഴക്കൻ പാകിസ്താനും പടിഞ്ഞാറൻ പാകിസ്താനും പോലെ തെക്കൻ പാകിസ്താനായി മാറും മലപ്പുറ’മെന്നായിരുന്നു കേളപ്പൻ പ്രചരിപ്പിച്ചത്. പിന്നീട് മേനകാ ഗാന്ധി, സുബ്രഹ്മണ്യൻ സ്വാമി തുടങ്ങി ബി ജെ പി നേതാക്കളും സി പി എം നേതാവ് വി എസ് അച്യുതാനന്ദൻ പോലും ഏറ്റുപിടിച്ചു മലപ്പുറം വിരുദ്ധ പ്രചാരണം.
എന്നാൽ മതമൈത്രിയുടെയും സൗഹൃദത്തിന്റെയും കഥകൾ മാത്രമേ എക്കാലവും മലപ്പുറത്തിനു പറയാനുള്ളൂ. മുസ്‌ലിംകൾ ഇതര മതസ്ഥരുമായും മറിച്ചും അതീവ സൗഹാർദത്തിലാണ് ജില്ലയിൽ ജീവിച്ചു വരുന്നത്. 2018ൽ ഇരുവൃക്കകളും തകരാറിലായ ജില്ലയിലെ കാളികാവ് സ്വദേശി ദീപേഷെന്ന ഹൈന്ദവ സുഹൃത്തിനു ചികിത്സാ ചെലവ് സ്വരൂപിക്കാൻ കാളികാവ് മഹല്ല് കമ്മിറ്റി മതപ്രഭാഷണം സംഘടിപ്പിച്ച ചരിത്രം മലപ്പുറത്തിനുണ്ട്. ജില്ലയിൽ മൂന്നാക്കൽ പള്ളി മതമൈത്രിയുടെ പ്രതീകമാണ്. ഇവിടെ നിന്നു വിതരണം ചെയ്യുന്ന അരികൊണ്ടാണ് മതജാതി വ്യത്യാസമില്ലാതെ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെ വീട്ടുകാരും ഭക്ഷണം പാകം ചെയ്യുന്നത്. റമസാനിൽ വിവിധ ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ചു വരുന്ന നോമ്പ് തുറ ജില്ലയിലെ ഹൈന്ദവ സുഹൃത്തുക്കൾക്കു മുസ്‌ലിംകളെക്കുറിച്ചുള്ള കാഴ്ചപ്പാടും സൗഹൃദവും വിളിച്ചറിയിക്കുന്നതാണ്. തെക്കൻ ജില്ലകളിൽ നിന്നു ജോലി, ബിസിനസ്സ് ആവശ്യാർഥം മലപ്പുറത്തെത്തിയ നിരവധി അമുസ്‌ലിം സുഹൃത്തുക്കൾ മലപ്പുറത്തെ മുസ്‌ലിംകളിൽ നിന്നനുഭവിച്ച സ്‌നേഹത്തിന്റെ കഥകൾ വിളിച്ചു പറഞ്ഞിട്ടുണ്ട്. മലപ്പുറത്തിന്റെ നന്മ കണ്ട് നാട്ടിലേക്ക് മടങ്ങാതെ ജില്ലയിൽ സ്ഥിരതാമസമാക്കിയവരും നിരവധി. മലപ്പുറത്തുകാരുടെ സ്‌നേഹവും സഹായ മനഃസ്ഥിതിയും പ്രത്യേകം എടുത്തുപറഞ്ഞാണ് ജില്ലാ കലക്ടറായിരുന്ന വി ആർ പ്രേംകുമാർ 2023ൽ ജില്ലയോട് വിടപറഞ്ഞത്.
ഇ എം എസും കെ ദാമോദരനും പ്രസിദ്ധ കവികളും സാഹിത്യകാരന്മാരുമായ വള്ളത്തോളും ഇടശ്ശേരിയും പൂന്താനവും ഉറൂബും പിറന്ന നാടാണ് മലപ്പുറം. ഇടകലർന്നു നിൽക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക അടയാളങ്ങളായ തുഞ്ചൻ മണ്ണും മാമാങ്കം നടന്ന തിരുന്നാവായയും ആയുർവേദത്തിന്റെ കോട്ടക്കലും മമ്പുറം മഖാമും മോയിൻ കുട്ടിവൈദ്യർ സ്മാരകവും ജില്ല മതസൗഹാർദത്തിന്റെ ഭൂമികയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സധീരം പോരാടി രക്തസാക്ഷിത്വം വരിച്ച ദേശസ്‌നേഹികളുടെ നാട് കൂടിയാണിത്. ദേശീയ സമരത്തെ ഒറ്റുകൊടുത്തു വെള്ളിക്കാശ് വാങ്ങിയ സംഘ്പരിവാറുകാർക്കും വെള്ളാപ്പള്ളിയെ പോലുളള സഹയാത്രികർക്കും മലപ്പുറം കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
മലപ്പുറത്ത് വന്ന് ജില്ലക്കെതിരെ കടുത്ത വർഗീയ വിദ്വേഷ പ്രസംഗം നടത്തിയിട്ടും വെള്ളാപ്പള്ളിയെ ആരും കയ്യേറ്റം ചെയ്തില്ല. ശാരീരികമായി ഉപദ്രവിച്ചില്ല. അതല്ല മലപ്പുറത്തിന്റെ പൈതൃകം. ഉത്തർ പ്രദേശിലോ ഗുജറാത്തിലോ ചെന്ന് ആ സംസ്ഥാനത്തെയും നാട്ടുകാരെയും അധിക്ഷേപിച്ചു സംസാരിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ ജീവനോടെ തിരിച്ചുപോരാൻ കഴിയുമോ?
ഒരു ജില്ലയിലെ മുസ്‌ലിംകളെയാകെ ഇകഴ്ത്തുകയും അക്രമകാരികളും വർഗീയവാദികളുമായി മുദ്രകുത്തുകയും ചെയ്ത വെളളാപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രതികൾ മുസ്‌ലിംകളെങ്കിൽ ഭീകരവിരുദ്ധ നിയമം ചുമത്തി കൽത്തുറുങ്കിലടക്കുകയും അമുസ്‌ലിംകളെങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു സാധാരണ ഉണ്ടാകാറ്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അതാവർത്തിക്കരുത്.
എസ് എൻ ഡി പി യോഗം പ്രാദേശിക ഘടകം ഈ മാസം 11നു ചേർത്തലയിൽ വെളളാപ്പള്ളി നടേശന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരായ പി പ്രസാദും പി രാജൂവും വി എൻ വാസവനും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കരുതെന്നു ശ്രീനാരായണീയ കൂട്ടായ്മയടക്കം വിവിധ സംഘടനകളും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആവശ്യപ്പെടുന്നു. മതേതര കേരളത്തിന്റെ വികാരം മാനിച്ചു പരിപാടിയിൽ നിന്നു മന്ത്രിമാർ പിന്മാറുകയാണ് വേണ്ടത്.
വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി; ‘വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ’