മുംബൈക്കെതിരെ 17 റണ്‍സടിച്ചാല്‍ കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുമ്പോള്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടത്തിനരികെയാണ് ആര്‍സിബി താരം വിരാട് കോലി. മുംബൈക്കെതിരെ ഇന്ന് 17 റണ്‍സ് കൂടി നേടിയാല്‍ വിരാട് കോലി ടി20 ക്രിക്കറ്റില്‍ 13000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കും. ഐപിഎല്ലിലും ഇന്ത്യക്കുമായി കളിച്ച ടി20 മത്സരങ്ങലില് നിന്ന് 12983 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്.13000 റണ്‍സ് തികച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ അഞ്ചാമത്തെ മാത്രം താരമെന്ന നേട്ടവും കോലിക്ക് സ്വന്തമാവും.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍(14562), അലക്സ് ഹെയ്ല്‍സ്(13610), ഷുഹൈബ് മാലിക്(13557), കെയ്റോണ്‍ പൊള്ളാര്‍ഡ്(13537) എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റില്‍ കോലിക്ക് മുമ്പ് 13000 റണ്‍സെന്ന നേട്ടം പിന്നിട്ടവര്‍. ഐപിഎല്ലിലെ ഈ സീസണില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 59 റണ്‍സുമായി പുറത്താകാതെ നിന്ന് നല്ല തുടക്കമിട്ട കോലിക്ക് പിന്നീട് അടിതെറ്റിയിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അടുത്ത മത്സരത്തില്‍ 31 റണ്‍സെടുത്ത് പുറത്തായ കോലി, ഗജറാത്തിനെതിരെ ഏഴ് റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. സീസണില്‍ ഇതുവരെ മൂന്ന് കളികളില്‍ നിന്ന് 97 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.ഐപിഎല്ലില്‍ ആദ്യ രണ്ട് കളികളില്‍ ജയിച്ചു തുടങ്ങിയ ആര്‍സിബി അവസാന മത്സരത്തില്‍ ഗുജാത്തിനോട് തോറ്റിരുന്നു.അതേസമയം മുംബൈ ഇന്ത്യൻസാകട്ടെ നാലു കളികളില്‍ ഒരു മത്സരത്തില് മാത്രമാണ് സീസണില്‍ ഇതുവരെ ജയിച്ചത്.മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈ-ബെംഗളൂരു പോരാട്ടം. ഐ പി എല്‍ പോയന്‍റ് പട്ടികയില്‍ ആര്‍ സി ബി മൂന്നാമതും മുംബൈ എട്ടാമതുമാണ്.