പുറക്കാമല ക്വാറി വിരുദ്ധ സമരം; 15കാരനെതിരെ കേസെടുത്ത നടപടി; പൊലീസിന് നോട്ടീസയച്ച് ബാലാവകാശ കമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് പുറക്കാമല ക്വാറി സമരത്തിനിടെ 15 വയസുകാരനെതിരായ പൊലീസ് നടപടിയിൽ പൊലീസിന് നോട്ടീസ് നൽകി ബാലാവകാശ കമ്മീഷൻ. ഈ മാസം 8ാം തീയതിക്കകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. പേരാമ്പ്ര ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകിയത്. സമരത്തിൽ പങ്കെടുത്തെന്നാരോപിച്ച് 15 കാരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

പുറക്കാമല ക്വാറി വിരുദ്ധ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ പതിനഞ്ചുകാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സമരത്തിനിടെ കുട്ടിയ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കുട്ടിയുടെ കോളറില്‍ പിടിച്ച് വലിച്ചഴച്ച് പൊലീസ് വാനില്‍ കയറ്റുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിനിടെ കുട്ടിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. നാഭിക്കും തലക്കും വേദനയുണ്ടെന്നാണ് കുട്ടി പറഞ്ഞത്. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരനെ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചപ്പോഴാണ് പൊലീസ് വിട്ടയച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വന്ന സമരക്കാരെ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചിരുന്നു. 2013 മുതല്‍ ഇവിടെ ക്വാറി വിരുദ്ധ സമരം നടക്കുന്നുണ്ട്.

By admin