ധോണിയെ വെല്ലും ഡിആര്‍എസ്; ‘ദാ പന്ത് കുത്തിയത് ഇവിടെയാണ്’, ക്യാപ്റ്റനെ തൊട്ടുകാണിച്ച് റിവ്യൂ എടുപ്പിച്ച് ജിതേ

മുംബൈ: ലോക ക്രിക്കറ്റില്‍ ഡിആര്‍എസ് എന്ന് പറഞ്ഞാല്‍ ഒരേയൊരു താരത്തിന്‍റെ പേരേ എല്ലാവരുടെയും ഓര്‍മ്മയിലേക്ക് വരൂ. അത് എം എസ് ധോണിയുടെ പേരാണ്. ടീം ഇന്ത്യയുടെയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെയും ഇതിഹാസ വിക്കറ്റ് കീപ്പറായ ധോണിയുടെ റിവ്യൂ അത്ര കിറുകൃത്യമാണ്. ഇപ്പോള്‍ അതിനോട് കിടപിടിക്കുന്ന ഒരു ഡിആര്‍എസ് ഐപിഎല്‍ പതിനെട്ടാം സീസണിലെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ പിറവികൊണ്ടിരിക്കുകയാണ്.

വാംഖഡെ സ്റ്റേഡിയത്തില്‍ ആര്‍സിബി മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്യുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ്മ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറില്‍ തന്നെ വീണപ്പോള്‍ ക്രീസില്‍ ഒന്നിച്ചത് റയാന്‍ റിക്കെള്‍ട്ടണും വില്‍ ജാക്‌സും. ആര്‍സിബിയുടെ ഓസീസ് പേസറായ ജോഷ് ഹേസല്‍വുഡ് എറിഞ്ഞ നാലാം ഓവറിലെ നാലാം പന്ത് റിക്കെള്‍ട്ടണിന്‍റെ പാഡില്‍ തട്ടി. എന്നാല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരങ്ങളുടെ ദുര്‍ബലമായ അപ്പീലിന് മുന്നില്‍ ഫീല്‍ഡ് അംപയര്‍ മൗനം പാലിച്ചു. ബോള്‍ പിച്ച് ചെയ്തത് ലൈനിന് പുറത്താണോ, ബാറ്റില്‍ തട്ടിയോ എന്ന് വ്യക്തമാവാത്ത നിമിഷം. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഓടിയെത്തിയ കീപ്പര്‍ ജിതേഷ് ശര്‍മ്മ റിവ്യൂ എടുക്കാന്‍ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിദാറിനെ നിര്‍ബന്ധിച്ചു. 

ദാ, പന്ത് ഇവിടെയാണ് പിച്ച് ചെയ്തത് എന്ന് സ്ഥലം ചൂണ്ടിക്കാട്ടിയായിരുന്നു ജിതേഷ് ശര്‍മ്മയുടെ വാദം. അങ്ങനെ മനസില്ലാ മനസോടെ അവസാനം നിമഷം രജത് പാടിദാര്‍ റിവ്യൂവിനായി കൈയുയര്‍ത്തി. മൂന്നാം അംപയറുടെ പരിശോധനയില്‍ പന്ത് പിച്ച് ചെയ്തത് ലൈനില്‍ തന്നെയാണെന്നും ബാറ്റിലുരസാതെ വിക്കറ്റിലേക്ക് പാഞ്ഞുകയറുന്നതാണെന്നും തെളിഞ്ഞു. ആര്‍സിബി താരങ്ങളെല്ലാം ഇതിന് ജിതേഷിനെ പ്രശംസിക്കുന്നത് മൈതാനത്ത് കാണാനായി. ജിതേഷ് ശര്‍മ്മയുടെ ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. ഇതോടെ 10 പന്തില്‍ 17 റണ്‍സുമായി റയാന്‍ റിക്കെള്‍ട്ടണ്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മുംബൈ ഇന്ത്യന്‍സ് 221 റണ്‍സ് ചേസിംഗില്‍ 3.4 ഓവറില്‍ 38-2  എന്ന നിലയില്‍ പ്രതിരോധത്തിലുമായി. 

Read more: ക്യാച്ച് ഓഫ് ദി ഐപിഎല്‍? പാടിദാറിനെ ബൗണ്ടറിയോളം പിന്നോട്ടോടി പറന്നുപിടിച്ച് വിക്കറ്റ് കീപ്പര്‍ റിക്കെള്‍ട്ടണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin