തെറി പറഞ്ഞതില്‍ വൈരാഗ്യം, സംഘാംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചു; വയോധികയെ വെട്ടിയ കേസില്‍ യുവാവ് പിടിയിൽ

തൃശൂര്‍: വയോധികയെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ രാഗേഷ് (37) അറസ്റ്റില്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പെരിങ്ങോട്ടുകര സ്വദേശി ആദിത്യകൃഷ്ണയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുവായ ലീലയ്ക്ക് വെട്ടേറ്റത്. രാഗേഷിന്‍റെ സംഘത്തിലെ അംഗങ്ങളെ ആദിത്യ കൃഷ്ണ  തെറി പറഞ്ഞതിനുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായിരുന്നു ആക്രമണം. 

ഷാജഹാന്‍ (30), ശ്രീബിന്‍ (23) എന്നിവര്‍  മാര്‍ച്ച് 17നാണ് മാരകായുധങ്ങളുമായി സൗമ്യയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറിയത്. ആദിത്യകൃഷ്ണയുടെ അമ്മ സൗമ്യയുടെ വല്ല്യമ്മയായ ലീല എന്താണ് ബഹളം വയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഷാജഹാന്‍ വടിവാള്‍ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടുകയായിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ചാഴൂര്‍ സ്വദേശികളായ അഖില്‍, ഹരികൃഷ്ണന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഷാജഹാനെയും, ശ്രീബനെയും ആക്രമണത്തിന് പ്രേരിപ്പിച്ചത് രാഗേഷാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ഈയടുത്താണ് കാപ്പാ കേസ് കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. സംഭവത്തിന് ശേഷം പുതിയ സുഹൃദ് വലയത്തിലൂടെ എറണാംകുളം ജില്ലയിലെ തൃക്കാക്കരയില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലിസ് ഇയാളെ പിടികൂടിയത്. രാഗേഷിന്‍റെ പേരില്‍  64 ക്രിമിനല്‍ കേസുകളുണ്ട്.

Read More:ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം, പെണ്‍കുട്ടിയെ 7 ദിവസം പല ഹോട്ടലുകളിൽ എത്തിച്ചത് 20 ലധികം പേർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin