തീരുവ യുദ്ധത്തെ ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഭയക്കേണ്ടതുണ്ടോ? ആഗോള കയറ്റുമതി രംഗത്ത് പുതുസ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ

ട്രംപിന്‍റെ തീരുവ, ചൈനയുടെ മറുതീരുവ, ഒരു വശത്ത് അമേരിക്കയും മറുവശത്ത് മറ്റ് ലോകരാജ്യങ്ങളും നിലകൊണ്ട് പരസ്പരമുള്ള തീരുവ യുദ്ധം സംജാതമായതോടെ ആഗോള ഓഹരി വിപണികളില്‍ കനത്ത തകര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. വര്‍ദ്ധിച്ചുവരുന്ന പരസ്പരമുള്ള തീരുവ ആഗോള വ്യാപാരത്തിലും സാമ്പത്തിക വളര്‍ച്ചയിലും മാന്ദ്യം ഉണ്ടാക്കുമെന്ന ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.ട്രംപ് കാരണം ഉണ്ടായ വിപണി പ്രതിസന്ധി ജിഡിപി വളര്‍ച്ച ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് എന്തെങ്കിലും തരത്തില്‍ തിരിച്ചടിയാകുമോ?

ഇന്ത്യ വളരുമോ? തളരുമോ?

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം അവസ്ഥ അവസാനിച്ചതായാണ് ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്‍റെ വിലയിരുത്തല്‍. ഇന്ത്യ അതിന്‍റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാമ്പത്തിക മാന്ദ്യത്തിന്‍റെയും വരുമാന ഇടിവിന്‍റെയും കാലഘട്ടം മറികടന്നിരിക്കാമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നിരുന്നാലും, തീരുവകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

എണ്ണവില ബാരലിന് 70 ഡോളറില്‍ താഴെയായി തുടരുകയാണെങ്കില്‍ പുതിയ യുഎസ് താരിഫുകള്‍ ആഗോളതലത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിച്ചാലും 2025-26 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം ഇന്ത്യ  കൈവരിക്കാനിടയുണ്ട്.  2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.6% വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ആദായ നികുതി ഇളവും പണപ്പെരുപ്പവും മൂലം ആഭ്യന്തര ഡിമാന്‍ഡില്‍ വര്‍ദ്ധനവ് ഈ വര്‍ഷം ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും ആഭ്യന്തര ഡിമാന്‍റിനാല്‍ നയിക്കപ്പെടുന്നതിനാല്‍ ജിഡിപിയില്‍ ആഘാതം ശക്തമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുള്ള ചൈന ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആഘാതം മറ്റൊരു തലത്തിലായിരിക്കും.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപിന്‍റെ 26% പരസ്പര താരിഫ് രാജ്യത്തിന് ഒരു സമ്മിശ്ര പ്രതിഫലനം ആണ് ഉണ്ടാക്കുകയെന്ന് എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്സിം ബാങ്ക്) പറയുന്നു. ഇലക്ട്രിക്കല്‍ മെഷിനറി, ടെക്സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് ഗുണം ലഭിക്കുമ്പോള്‍ യന്ത്രസാമഗ്രികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍, ഇരുമ്പ്, സ്റ്റീല്‍ കയറ്റുമതി എന്നിവയെ ഇത് ബാധിക്കും.

യുഎസിലെ സാമ്പത്തിക പ്രതിസന്ധി കാരണം യുഎസ് കമ്പനികള്‍ ചെലവ് കുറയ്ക്കുന്നതിനാല്‍ ഇന്ത്യയുടെ ഐടി സേവന കയറ്റുമതിക്ക് വലിയ തിരിച്ചടിയുണ്ടാകും. യുഎസ് താരിഫ് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, കൃഷി തുടങ്ങിയ തൊഴില്‍ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനമാണ് സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ആശങ്കയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച കയറ്റുമതി പ്രോത്സാഹന പദ്ധതി പ്രകാരം, സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് കയറ്റുമതിക്കാര്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ആഗോള മാറ്റങ്ങള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ?

ഇന്ത്യന്‍ കയറ്റുമതിയില്‍ 26% താരിഫ് എന്നത് ചില അവസരങ്ങള്‍ തുറക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോള വിതരണ ശൃംഖലകള്‍ മാറുകയും തന്ത്രപരമായ പങ്കാളിത്തങ്ങള്‍ വികസിക്കുകയും ചെയ്യുമ്പോള്‍, അടുത്ത കുറച്ച് മാസങ്ങള്‍കൊണ്ട് ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം പുനര്‍നിര്‍വചിക്കപ്പെട്ടേക്കാം.മറ്റ് പല ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ താരിഫ് നിരക്ക് മിതമാണ്. ചൈന (34%), തായ്വാന്‍ (32%), ബംഗ്ലാദേശ് (37%), വിയറ്റ്നാം (46%), തായ്ലന്‍ഡ് (37%) എന്നിവയേക്കാള്‍ കുറഞ്ഞ 26% താരിഫ് ആണ് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ നല്‍കുന്ന തീരുവയേക്കാള്‍, ഇന്ത്യയുടെ എതിരാളികള്‍ യുഎസിലേക്കുള്ള അവരുടെ കയറ്റുമതിയ്ക്ക് നല്‍കണം. താരിഫുകള്‍ മൂലം യുഎസിലെ പണപ്പെരുപ്പം ഇന്ത്യന്‍ ഇലക്ട്രോണിക്സ് കയറ്റുമതിയെ താല്‍ക്കാലികമായി ബാധിച്ചേക്കാമെങ്കിലും, കൂടുതല്‍ ബാധിച്ച ചൈനയെയും മറ്റ് കിഴക്കന്‍ ഏഷ്യന്‍ എതിരാളികളെയും മറികടക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്ത്യ തന്ത്രം മാറ്റണം.

ചില മേഖലകള്‍ക്ക് താരിഫുകളില്‍ നിന്ന് നേരിട്ട് നേട്ടമുണ്ടാകുമെങ്കിലും, പല മേഖലകള്‍ക്കും പരോക്ഷ നേട്ടങ്ങള്‍ ഉണ്ടാകാം. ഉദാഹരണത്തിന്, താരിഫുകള്‍ ഇന്ത്യയുടെ പാലുല്‍പ്പന്ന മേഖലയ്ക്ക് പുതിയ വിപണികള്‍ തുറക്കും.  യുഎസ് പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയുടെ ഏകദേശം 50%  പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ചൈന, തെക്കുകിഴക്കന്‍ ഏഷ്യ, സബ് സഹാറന്‍ ആഫ്രിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് നടക്കുന്നത്.  ഈ രാജ്യങ്ങളില്‍ ചിലത് യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കും. ഈ രാജ്യങ്ങളില്‍ പലതും ഒരു ബദല്‍ പാലുല്‍പ്പന്ന വിതരണക്കാരിലേക്ക് തിരിയും. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യമെന്ന നിലയില്‍, ഈ സാഹചര്യം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.

സമാനമായ രീതിയില്‍ ചൈനയിലെയും വിയറ്റ്നാമിലെയും ഉല്‍പ്പാദന കേന്ദ്രങ്ങളെ അപേക്ഷിച്ച്, താരതമ്യേന കുറഞ്ഞ താരിഫുകളില്‍ നിന്ന് പ്രയോജനം നേടുന്നതിനായി ഇന്ത്യന്‍ ഫാക്ടറികളില്‍ നിന്ന് യുഎസിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യത യുഎസ് ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ പരിശോധിച്ചേക്കും. കൂടാതെ, യുഎസ് വിപണിയിലേക്കുള്ള കയറ്റുമതി് ചെലവേറിയതായി മാറുന്നതിനാല്‍, ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ പുതിയ വിപണികള്‍ കണ്ടെത്താന്‍ ശ്രമിച്ചേക്കും.കഴിഞ്ഞ ആഴ്ച, കയറ്റുമതിക്കാര്‍ സര്‍ക്കാരിനോട് യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ കയറ്റുമതിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും

By admin