‘തിരികെ പോകുന്നില്ല, ഈ നാട്ടുകാരുടെ സ്നേഹം നിങ്ങൾക്ക് അറിയില്ല’; മലപ്പുറത്ത് സ്ഥിരതാമസമാക്കിയ ടീച്ചറും മാഷും

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ പറഞ്ഞ അഭിപ്രായമല്ല മറ്റ് ജില്ലകളിൽ നിന്ന് എത്തി മലപ്പുറത്ത് താമസിക്കുന്നവർക്കുള്ളത്. മലപ്പുറത്തുകാരുടെ സ്നേഹം നിങ്ങൾക്ക് അറിയില്ല എന്നാണ് വടകര സ്വദേശിയായ സുരേഷ് മാഷ് പറയുന്നത്. ആലപ്പുഴയിൽ നിന്നെത്തി മലപ്പുറത്ത് താമസിക്കുന്ന ബിജില  ടീച്ചറും പറയുന്നത് ഇനി ഇവിടെ നിന്ന് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല എന്നാണ്.  

90കളിൽ മലപ്പുറത്ത് വന്നതാണെന്ന് ബിജില ടീച്ചർ പറയുന്നു- “പറഞ്ഞു കേട്ട മലപ്പുറത്തെ കുറിച്ച് പേടിയുണ്ടായിരുന്നു. എന്നാൽ വ്യത്യസ്തമായ അനുഭവമാണ് ഇവിടെ വന്നപ്പോൾ ഉണ്ടായത്. വീട്ടിൽ നിന്ന് മാറിനിൽക്കുമ്പോൾ ചെടികൾ നനയ്ക്കാനും ആശുപത്രിയിലായപ്പോൾ സഹായിക്കാനുമൊക്കെ ഇവിടെ ആളുകളുണ്ടായിരുന്നു. മക്കൾ ജനിച്ചതൊക്കെ ഇവിടെയാണ്. അവരുടെ സുഹൃത്തുക്കൾ ഇവിടെയാണ്. തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇപ്പോൾ ബെംഗളൂരുവിൽ പഠിക്കുന്ന മകൻ പെരുന്നാൾ കൂടാനായി മാത്രം നാട്ടിലെത്തി. മക്കൾ പറയുന്നത് മലപ്പുറം വിട്ട് എങ്ങോട്ടുമില്ലെന്നാണ്.” ആലപ്പുഴക്കാരിയായ ബിജില ടീച്ചറും വെള്ളാപ്പള്ളി പറഞ്ഞത് പൂർണമായി തള്ളിക്കളയുകയാണ്. 

33 വർഷം മുൻപ് അധ്യാപകനായി മലപ്പുറത്തേക്ക് വന്നയാളാണ് സുരേഷ് മാഷ്. മലപ്പുറത്തെ കുറിച്ച് മാഷ് പറയുന്നതിങ്ങനെ- “ഏറ്റവും സൌഹാർദപരമായിട്ടാണ് ഇവിടത്തെ ആളുകൾ എന്നോട് പെരുമാറിയിട്ടുള്ളത്. ഒരു ദുരനുഭവവുമില്ല. ഒരു ഉദാഹരണം പറഞ്ഞാൽ പെരുന്നാളിന് അഞ്ചാറ് വീടുകളിൽ നിന്ന് ബിരിയാണി കൊണ്ടുവന്നുതരാറുണ്ട്. ഒരു പ്രശ്നവും നേരിട്ടിട്ടില്ല. ഇവിടെ വന്ന് താമസിച്ചാൽ അക്കാര്യം വ്യക്തമാകും. നാട്ടിലേക്ക് തിരിച്ചു വരുന്നില്ലേ എന്ന് ചോദിക്കുന്നവരോട് പറയാറുള്ളത് മലപ്പുറത്തുകാരുടെ സ്നേഹം നിങ്ങൾക്ക് അറിയില്ല എന്നാണ്.”

മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും ഈഴവ സമുദായ അംഗങ്ങൾ വായു ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് അവിടെ കഴിയുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നായിരുന്നു പരാമർശം ചർച്ചയായ ശേഷവും വെള്ളാപ്പള്ളിയുടെ പ്രതികരണം.

‘വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം, സ്വീകരണത്തിൽ മന്ത്രിമാർ പങ്കെടുക്കരുത്’; സമസ്ത എപി വിഭാഗത്തിന്‍റെ മുഖപത്രം 

By admin