താരിഫ് ആഘാതത്തിൽ ഉലഞ്ഞ് ക്രിപ്‌റ്റോ വിപണിയും, വീഴ്ചയിൽ ബിറ്റ്‌കോയിനും, എതെറിയവും

ഡൊണാൾഡ് ട്രംപ് തിരികൊളുത്തിയ  വ്യാപാരയുദ്ധത്തിന്റെ തീവ്രത കൂടിയതോടെ ക്രിപ്‌റ്റോ വിപണിയും കിതയ്ക്കുന്നു. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിക്ഷേപകരെ ബാധിച്ചു തുടങ്ങിയതിൻ്റെ സൂചനകളാണ് വിപണിയിൽ നിന്നും വരുന്നത്.  ബിറ്റ്‌കോയിൻ, എതെറിയം പോലുള്ള പ്രധാന ക്രിപ്‌റ്റോ നാണയങ്ങൾ 14 ശതമാനം വരെ ഇടിഞ്ഞു. ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് പിറകെ വെള്ളിയാഴ്ച യുഎസ് വിപണികളിലെ ഇടിവിന് ചുവടുപിടിച്ച് തിങ്കളാഴ്ച ഏഷ്യൻ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഇടിഞ്ഞ് 77,077 ഡോളറിലെത്തി എന്നത് ശ്രദ്ധേയമാണ്. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറൻസിയായ എതെറിയവും 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ലെവലിലേക്ക് എത്തിയിട്ടുണ്ട്. സോളാനയുടെ ഓഹരി വില 106.53 ഡോളറായിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11.44 ശതമാനം ഇടിവാണ് ഉണ്ടായി. യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്റ്റേബിൾകോയിൻ ആയ ടെതർ 0.9994 ൽ എത്തി,  പലരും ഇത് മറ്റ് ക്രിപ്റ്റോ ടോക്കണുകൾ വാങ്ങാനും വിൽക്കാനും ആണ് ഉപയോ​ഗിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് പരമ്പരാഗത വിപണികളും ക്രിപ്റ്റോ ഹോൾഡിംഗുകളും തമ്മിലുള്ള ബന്ധം കൂടുതൽ മനസ്സിലാക്കാൻ പറ്റുക. ട്രംപിന്റെ പരസ്പര താരിഫുകൾ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചു. ഇന്ത്യൻ ഓഹരി വിപണി ഇന്ന്  ഏറ്റവും വലിയ ഇടിവിനെയാണ് അഭിമുഖീകരിക്കുന്നത്. സെൻസെക്സ് ഏകദേശം 4,000 പോയിന്റുകൾ ഇടിഞ്ഞു, അതേസമയം നിഫ്റ്റി 50 ആദ്യകാല ഇടപാടുകളിൽ 21,750 ന് താഴെയായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 10 ശതമാനം വരെ ഇടിഞ്ഞു.

By admin