ട്രെയിൻ വരാൻ സിഗ്നലായപ്പോഴും വയോധികൻ പാളത്തിൽ, താഴേക്ക് ചാടി തോളിലേറ്റി രാഹുൽ; അഭിനന്ദിച്ച് നാട്ടുകാർ

തിരുവനന്തപുരം: ട്രെയിനെത്തിയിട്ടും റെയിൽപ്പാളത്തിൽ നിന്ന് മാറാതെ നിന്ന വയോധികനെ ഭക്ഷണ വിതരണത്തിനായെത്തിയ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. നേമത്ത് എ കെ കാറ്ററിങ് സർവീസിൽ ജോലിചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ (27) ആണ് സാഹസിക ഇടപെടലിലൂടെ കൈയ്യടി നേടിയത്. കഴിഞ്ഞ ദിവസം നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ പ്രസാദ് നഗറിന് സമീപത്തായിരുന്നു സംഭവം. 

ഫൂഡ് ഡെലിവറിക്കായി ബൈക്കിൽ പോകുമ്പോഴാണ് രാഹുൽ വയോധികനെ കാണുന്നത്. ട്രെയിൻ വരാൻ സിഗ്നലായിട്ടും ഇയാൾ പാളത്തിൽ നിന്നും മാറിയില്ല. വയോധികനോട് നാട്ടുകാർ പാളത്തില്‍ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതുകണ്ട രാഹുൽ പതിനഞ്ച് അടിയിലധികം താഴ്ചയിലേയ്ക്ക് മണ്ണിലൂടെ ഇറങ്ങി വയോധികനെ തോളിലേറ്റി പാളത്തിന് പുറത്തെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ട്രെയിനും കടന്നുപോയി. രക്ഷപ്പെടുത്തലിനിടെ രാഹുലിന് ചെറിയ പരിക്കേൽക്കുകയും ഫോൺ കേടാവുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞു. മാനസിക പ്രശ്നങ്ങളുള്ള വയോധികൻ നാട്ടുകാരനല്ല. വയോധികനെ രക്ഷിച്ച രാഹുലിനെ നാട്ടുകാർ അഭിനന്ദിച്ചു.

Read More:ലൈംഗിക ബന്ധം നിഷേധിച്ചതിൽ പ്രതിഷേധം, ഭ‌ർത്താവ് ഭാര്യയോട് പക വീട്ടിയത് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin