ട്രംപിനെതിരെ പ്രതികാര നടപടി വേണ്ടെന്ന് വെച്ചേക്കും, ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോർട്ട്
ദില്ലി: യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടാഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ വകുപ്പ് ഇന്ത്യൻ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യ സമവായ സാധ്യത തേടുന്നത്. ഇന്ത്യക്ക് പുറമെ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾളും സമവായ സാധ്യത തേടുന്നു. താരിഫ് തർക്കം പരിഹരിക്കുന്നതിനായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ സമ്മതിച്ചിരുന്നു.
23 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതിയുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന നിലവാരമുള്ള ബൈക്കുകളുടെയും ബർബണിന്റെയും തീരുവ, യുഎസ് ടെക് ഭീമന്മാരെ ബാധിച്ച ഡിജിറ്റൽ സേവനങ്ങൾക്കുള്ള നികുതി എന്നിവ കുറയ്ക്കാമെന്നും ഇന്ത്യ സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.