ടാറ്റയുടെ ഓഹരികളില്‍ കനത്ത ഇടിവ്; ഓഹരികളിലെ ആകെ നഷ്ടം ഒരു ലക്ഷം കോടി രൂപ

ഹരി വിപണിയില്‍ ഇന്ന് വന്‍തകര്‍ച്ച നേരിട്ട് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍. ഇന്നത്തെ കനത്ത നഷ്ടത്തില്‍ ടാറ്റ ഗ്രൂപ്പിലെ ഓഹരികളുടെ ആകെ നഷ്ടം 1 ലക്ഷം കോടിയിലേറെ രൂപയാണ്. ടാറ്റ ഗ്രൂപ്പ് ഓഹരികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ലിമിറ്റഡ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ട്രെന്‍റ് ലിമിറ്റഡ് എന്നിവയില്‍ വലിയ നഷ്ടം രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ട്രെന്‍റ് എന്നിവയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്.

ടാറ്റ മോട്ടോഴ്സ്

ടാറ്റ മോട്ടോഴ്സിന്‍റെ യുകെ ആസ്ഥാനമായുള്ള അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഏപ്രില്‍ 7 മുതല്‍ യുഎസിലേക്കുള്ള വാഹന കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ 8.41% ഇടിഞ്ഞ് 562.20 രൂപയായി. ട്രംപ് ഭരണകൂടം വിദേശ വാഹനങ്ങള്‍ക്ക് അടുത്തിടെ 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് മറുപടിയായാണ് ഈ നീക്കം. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജെഎല്‍ആറിന്‍റെ വരുമാനത്തിന്‍റെ 23% ഉം മൊത്തവ്യാപാരത്തിന്‍റെ 26% ഉം സംഭാവന ചെയ്യുന്ന യുഎസ് ഒരു നിര്‍ണായക വിപണിയാണ്, ഈ വരുമാനം നിലയ്ക്കുമെന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.

ടാറ്റ സ്റ്റീല്‍

ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും വളര്‍ച്ചയുമായി ബന്ധപ്പെട്ട ആശങ്കകളും നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിച്ചതിനാല്‍ ഇന്ത്യന്‍ ലോഹ ഓഹരികള്‍ ഇന്ന് 19% വരെ ഇടിഞ്ഞു. സ്റ്റീല്‍, അലുമിനിയം ഇറക്കുമതികളില്‍ യുഎസ് ഏര്‍പ്പെടുത്തിയ പരസ്പര താരിഫുകളുടെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ ഇടിവ് ഉണ്ടായത. ഇത് കാരണം ടാറ്റ സ്റ്റീല്‍ ഓഹരികള്‍ എട്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ടാറ്റ സ്റ്റീലിന്‍റെ വിപണി മൂല്യത്തില്‍ ഇന്ന് ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായി.

ടിസിഎസ്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇന്ന് 5% ത്തിലധികം ഇടിഞ്ഞു.യുഎസില്‍ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി, തിങ്കളാഴ്ചത്തെ ഇടിവ് കമ്പനിയുടെ വിപണി മൂല്യത്തില്‍് ഏകദേശം 60,000 കോടി രൂപയുടെ നഷ്ടം വരുത്തി.

ടാറ്റ ട്രെന്‍റ്

ടാറ്റ ഗ്രൂപ്പിന്‍റെ റീട്ടെയില്‍ വിഭാഗമായ ട്രെന്‍റിന്‍റെ ഓഹരികളിലിന്ന് കനത്ത നഷ്ടമാണ് ഉണ്ടായത്. ഓഹരികള്‍ 19 ശതമാനം വരെ ഇടിഞ്ഞു. 2024 ജൂണിനുശേഷം ഓഹരികളുടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് ഉണ്ടായത്.  വിപണി മൂല്യത്തില്‍ ഏകദേശം 28,000 കോടി രൂപയുടെ ഇടിവിനും ഇത് കാരണമായി .കഴിഞ്ഞ ആറ് മാസത്തിനിടെ, ഓഹരികള്‍ ഏകദേശം 36 ശതമാനം ഇടിഞ്ഞു.ടൈറ്റന്‍ ഓഹരികള്‍ 3% ഇടിഞ്ഞപ്പോള്‍, ടാറ്റ കണ്‍സ്യൂമറിന്‍റെ ഓഹരികള്‍ 2% ത്തോട് അടുത്ത് ഇടിഞ്ഞു, ഇത് മൊത്തത്തില്‍ വിപണി മൂല്യത്തില്‍ 10,000 കോടിയുടെ നഷ്ടത്തിന് കാരണമായി
 

By admin