ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.