ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലേറെ നേരം; ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന് പ്രതികരണം
കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂറിലേറെ നേരം ഇഡി ഇന്ന് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. അതിന് മറുപടി പറയേണ്ട ചുമതല എനിക്കുണ്ട്. ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എൻഫോഴ്സ്മെന്‍റ് ഇന്ന് ഗോകുലം ഗോപാലന്‍റെ മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ഗോകുലം ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇഡി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു.
ഗോകുലം ഗോപാലന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളിൽ പരിശോധന തുടങ്ങിയത്. ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ ഒരിടവേളയ്ക്കുമുന്പ് അന്വേഷണം നടത്തിയിരുന്നു.