ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉന്തും തള്ളും, പുറത്താക്കിയ കമ്മറ്റിക്കാരെ കത്രിക കൊണ്ട് കുത്തി; 5 പേർ പിടിയിൽ

തൃശൂര്‍: ക്ഷേത്രഉത്സവത്തിനിടെ വാക്കുതർക്കത്തിന്റെ പേരിൽ ആഘോഷ കമ്മിറ്റിക്കാരായ രണ്ടു പേരെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. ആശാരിമൂല സ്വദേശിയായ മാമ്പ്രക്കാരന്‍ വീട്ടില്‍ ലിബിന്‍ (18), കല്ലേറ്റുംകര വടക്കുമുറി സ്വദേശിയായ വടക്കേടന്‍ വീട്ടില്‍ ശിവന്‍ (19), കല്ലേറ്റുംകര ആശാരിമൂല സ്വദേശികളായയ കന്നിമേല്‍ വീട്ടില്‍ ഫ്‌ളെമിങ്ങ് (19), തുളുവത്ത് വീട്ടില്‍ എറിക് (18), താഴെക്കാട് കുണ്ടുപാടം സ്വദേശിയായ പൂക്കില്ലത്തു വീട്ടില്‍ നെബില്‍ (18) എന്നിവരെയാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇരിങ്ങാലക്കുട ആളൂര്‍ മുരിയാട് സ്വദേശിയായ മുല്ലശേരി വീട്ടില്‍ അജീഷ് (39), സുഹൃത്തായ രാജേഷ് (30) എന്നിവരെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് യുവാക്കള്‍ അറസ്റ്റിലായത്. ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ കല്ലേറ്റുംകര വടക്കുമുറി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് കാവടി സെറ്റില്‍ ഉന്തും തള്ളും പ്രശ്‌നങ്ങളും ഉണ്ടായത് ചോദ്യംചെയ്ത് പറഞ്ഞയച്ചതിന്റെ വൈരാഗ്യത്താലാണ് ക്ഷേത്രത്തിന് മുന്‍വശംവച്ച് ആറിന് പുലര്‍ച്ചെ പ്രതികള്‍ കത്രിക കൊണ്ട് ആക്രമിച്ചത്.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കല്ലേറ്റുംകരയില്‍നിന്നാണ്  ആളൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അഫ്‌സലും സംഘവും അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ സുമേഷ്, സുരേന്ദ്രന്‍, ഗിരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സവീഷ്, ജിബിന്‍ ഹരികൃഷ്ണന്‍, ബിലഹരി, ആഷിക് എന്നിവര്‍  ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരെയും  റിമാന്റ്‌ചെയ്തു.

Read More : ‘സുകാന്തിന് ഒരേ സമയം 2 പ്രണയം’, ഐബി ഉദ്യോഗസ്ഥയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവ്, അന്വേഷണം

By admin