കൊല്ലത്ത് 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസ്; 42കാരന് 4 ജീവപര്യന്തം, ജീവിതാവസാനം വരെ അഴിയെണ്ണണം
പുനലൂർ: കൊല്ലത്ത് പന്ത്രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെയാണ് സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോൻ ബലാത്സംഗത്തിന് ഇരയാക്കിയത്.
2016 ജനുവരി മുതൽ 12 വയസുകാരിയെ പലതവണ പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയ്ക്ക് പരമാധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. വിചാരണക്കൊടുവിൽ പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിക്ക് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവ്, ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പരാമർശിച്ചിട്ടുണ്ട്.
പിഴ തുക ഒടുക്കാത്ത പക്ഷം എട്ട് മാസം കഠിന തടവ് അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. കൂടാതെ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. പ്രതി ജെയ്മോനെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളും മലപ്പുറം ജില്ലയിൽ കൊലപാതക കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read More : വനംമന്ത്രി രക്ഷിച്ച ഉദ്യോഗസ്ഥൻ, ഇരുതലമൂരിയെ കടത്തിയ പ്രതികളിൽ നിന്ന് 1.45 ലക്ഷം കൈക്കൂലി വാങ്ങിയതിന് പിടിയിൽ