കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് കൊടുംക്രൂരത! ശരീരത്തിൽ മുഴുവൻ മുറിവ്, കാലുകൾ കേബിളിൽ കെട്ടിയിട്ട നിലയിൽ
കൊച്ചി: കൊച്ചി കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് അഞ്ജാതരുടെ ക്രൂരത. പുറകിലെ രണ്ടുകാലുകളും കേബിൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. ദേഹത്ത് മുറിവുമായി അവശനിലയിൽ കണ്ടെത്തിയ പശുക്കിടാവിനെ പിന്നീട് കുസാറ്റ് അധികൃതരെത്തി പരിപാലിച്ചു. ഉടമസ്ഥരില്ലാതെ അലഞ്ഞു തിരിയുന്ന പശുവാണിതെന്നാണ് സൂചന.
പശുക്കിടാവിന് ചികിത്സ നൽകിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. കുസാറ്റ് അധികൃതരെത്തി പശുവിന്റെ കാലിൽ നിന്ന് കെട്ടഴിക്കുകയായിരുന്നു. പിന്നീട് വെറ്ററിനറി ഡോക്ഠറും സ്ഥലത്തെത്തി. കുസാറ്റ് സ്റ്റാഫ് ക്വാട്ടേഴ്സിന് സമീപത്താണ് പശുക്കിടാവിനെ കണ്ടെത്തിയത്. പ്രദേശത്ത് തീറ്റ തേടിയാണ് പശു എത്തിയതെന്നാണ് സമീപവാസികള്‍ പറയുന്നത്.