കയ്യിൽ ബാഗ്, കൂടെ കുട്ടി, സ്വർണ ലതയും ഗീതാഞ്ജലിയും; അതിരാവിലെ കെഎസ്ആ‌ർടിസിയിൽ പൊലീസ് പരിശോധന, കഞ്ചാവ് പിടികൂടി

കൊച്ചി: കെ എസ് ആർടിസി ബസിൽ കടത്തുയായിരുന്ന 7 കിലോ കഞ്ചാവുമായി 2 ഒഡിഷ സ്വദേശികളായ യുവതികളെ കാലടിയിൽ പിടികൂടി. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇവർ നീരീക്ഷണത്തിലായിരുന്നു. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. 4 വയസുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

ഒഡീഷയിൽ നിന്ന് നേരത്തെയും ഇവർ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യവിവരത്തെ തുടർന്ന് ഗീതാഞ്ജലിയും സ്വർണ ലതയും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് കാലടിയിൽ നിന്ന് ഇരുവരും പിടിയിലായത്. പ്രത്യേകം പൊതിഞ്ഞ് ബാഗിൽ ആക്കിയാണ് പ്രതികൾ കെ എസ് ആർ ടി സി ബസിൽ കഞ്ചാവ് കൊണ്ടുവന്നത്. എന്നാൽ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും കൃത്യമായി ബാഗ് പരിശോധിച്ച് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

എസ്‌ ഐ മാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എ എസ്‌ ഐ അബ്ദുൾ മനാഫ്, എസ് സി പി ഒമാരായ അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin