വാഷിങ്ടണ്‍: അമേരിക്കയുടെ പകര ചുങ്ക പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണികൾ തകർന്നടിഞ്ഞതോടെ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചില കാര്യങ്ങൾ ശരിയാക്കാൻ ചില സമയത്ത് മരുന്ന് കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിപണികളുടെ തകർച്ച താൻ ആസൂത്രണം ചെയ്തതല്ലെന്നും വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നും തകർന്നു കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. വ്യാപാര കമ്മി പരിഹരിക്കപ്പെട്ടില്ലെങ്കിൽ മറ്റ് രാജ്യങ്ങളുമായി ഒരു കരാറിലും ഏർപ്പെടില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടെ മുൻ പ്രസിഡന്‍റ് ബൈഡനെ ട്രംപ് വിമർശിച്ചു. മറ്റ് രാജ്യങ്ങൾ അമേരിക്കയോട് മോശം സമീപനം സ്വീകരിച്ചിരുന്നുവെന്നും അതിന് കാരണമായത് അമേരിക്കയുടെ വിവേകശൂന്യമായ നേതൃത്വമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക പകരച്ചുങ്കം ചുമത്തിയതിന് മറുപടിയായി ചൈന തിരിച്ച് യുഎസിനു മേല്‍ അധിക തീരുവ ചുമത്തിയിരുന്നു. യുഎസിൽ സാമ്പത്തികമാന്ദ്യ ഭീഷണി ഉയരുന്നതിനൊപ്പം ആഗോള ഓഹരി വിപണികളെ തന്നെ ബാധിക്കുന്ന വിധത്തിൽ തീരുവ യുദ്ധം മാറുകയാണ്. ഇന്ത്യൻ വിപണി ഉൾപ്പെടെ തകർന്നിരിക്കുകയാണ്. സെൻസെക്സ് ഒറ്റയടിക്ക് 3000 പോയിന്‍റാണ് ഇടിഞ്ഞത്. നിഫ്റ്റി 1000 പോയിന്‍റും ഇടിഞ്ഞു. ജപ്പാൻ, ഹോങ്കോങ് സൂചികകൾ ഒൻപത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാർ കമ്പനികളുടെ മൂല്യം കൂപ്പുകുത്തി.
ഇന്ത്യൻ വിപണിയിലെന്നല്ല, ഏഷ്യൻ വിപണിയിൽ തന്നെ ഏറെക്കുറെ എല്ലാ സൂചകങ്ങളും ഇടിവിലാണ്. മുൻ നിര കമ്പനികളുടെ ഓഹരി മൂല്യത്തിൽ 19. 4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. 50 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയ ശേഷം മാത്രം ഇടിഞ്ഞത്. ഒരു ഡോളറിന് 84 രൂപ 64 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.
ട്രംപിന്‍റെ തീരുവ യുദ്ധത്തിന് പിന്നാലെ ചൈന, അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണിയിൽ ദൃശ്യമാകുന്നത്. ഇതാണ് ഓഹരി വിപണികൾ കൂപ്പുകുത്താൻ കാരണം. ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ ഇത് കാരണമാകുമോയെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.
ഓഹരി വിപണിയിലെ കറുത്ത ദിനം; കൂപ്പുകുത്തി രൂപ, നിക്ഷേപകർക്ക് നഷ്ടം 19 ലക്ഷം കോടി