മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ ചിത്രം നിലവില്‍ എമ്പുരാന്‍ ആണ്. 250 കോടി ക്ലബ്ബില്‍ ഇടംനേടുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്. നിരവധി വിദേശ മാര്‍ക്കറ്റുകളില്‍ റെക്കോര്‍ഡ് കളക്ഷനാണ് ഈ യാത്രയില്‍ എമ്പുരാന്‍ സ്വന്തമാക്കിയത്. എന്നാല്‍ ചില റെക്കോര്‍ഡുകള്‍ ചിത്രത്തിന് തകര്‍ക്കാന്‍ സാധിക്കാതെപോയിട്ടുണ്ട്. അതിലൊന്നാണ് ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രം എന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയ്ക്കാണ് ഈ റെക്കോര്‍ഡ്.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത, ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് നേടിയത് 17.5 കോടി ആയിരുന്നു. എമ്പുരാന്‍ ആണ് രണ്ടാം സ്ഥാനത്ത്. മൂന്ന് കോടിയിൽ താഴെയാണ് നോർത്ത് ഇന്ത്യയിലെ എമ്പുരാന്‍റെ കളക്ഷൻ. എആർഎമ്മും ആടുജീവിതവുമാണ് നോർത്ത് ഇന്ത്യൻ കളക്ഷനിൽ എമ്പുരാന്‍റെ പിന്നിലുള്ളത്.
100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രമാണ് മാര്‍ക്കോ. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. 5 ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ഏപ്രിലിൽ ചിത്രം കൊറിയൻ റിലീസിനായി ഒരുങ്ങുകയുമാണ്.