എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്; അധിക പിന്തുണാ ക്ലാസ് നൽകും

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.  ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 എന്നാണ് കണക്ക്. 

അതേസമയം ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30% ആണിവർ. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കും. പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. ഇത്തരം ക്ലാസുകൾ രാവിലെ 9 30 മുതൽ 12.30 വരെ ആയിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ക്ലാസുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ചിത്രം: പ്രതീകാത്മകം

By admin