‘ഇതെന്താ വെള്ളി കൊണ്ടുണ്ടാക്കിയതോ?’, 6000 രൂപയാണ്, പാഠപുസ്തകത്തിന്റെ വിലയെ വിമർശിച്ച് യുവാവ്  

അവശ്യസാധനങ്ങൾക്ക് വില കൂടി വരികയാണ്. ആളുകൾ ഈ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. അപ്പോഴാണ് സ്വകാര്യ സ്കൂളുകൾ പാഠപുസ്തകങ്ങൾക്ക് വലിയ വില ഈടാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

സ്വകാര്യ സ്കൂളുകൾ ഷോപ്പിം​ഗ് മാളുകളെ പോലെയാണ് പ്രവർത്തിക്കുന്നത് എന്നും വിദ്യാഭ്യാസത്തേക്കാൾ ലാഭത്തിനാണ് മുൻ​ഗണന കൊടുക്കുന്നത് എന്നുമാണ് യുവാവിന്റെ പോസ്റ്റിന് പിന്നാലെ ചർച്ച പോകുന്നത്. ടെക്സ്റ്റ് ബുക്കുകൾക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് കുട്ടികളുടെ ബാ​ഗിൽ ഭാരം വർധിപ്പിക്കുക മാത്രമല്ല, രക്ഷിതാക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യത കൂടിയുണ്ടാക്കുന്നു എന്നും വീഡിയോയിൽ പറയുന്നു. 

‘ഇന്ന് താൻ 5 -ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഈ പുസ്തകങ്ങളുടെ കവർ പേജുകൾ വെള്ളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അല്ലെങ്കിൽ, പുസ്തകത്തിനുള്ളിലെ ഫോട്ടോകളിൽ സിൽവർ മാർക്ക് ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടായിരിക്കും ഇത് ഇത്ര ചെലവേറിയതായിരിക്കുന്നത്. അല്ലെങ്കിൽ കുട്ടികൾ ഈ പുസ്തകം കയ്യിലെടുക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്ക് ആയി അതിലെ ഉള്ളടക്കങ്ങൾ ഓർമ്മിക്കുമായിരിക്കും. ഇതൊന്നുമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഈ പുസ്തകങ്ങൾ ഇത്ര ചെലവേറിയതാകുന്നത്, 5000-6000 രൂപ വരെ വില വരുന്നത് എന്നാണ്’ യുവാവ് ചോദിക്കുന്നത്.  

ന്യൂ എജ്യുക്കേഷൻ പോളിസിയെ കുറിച്ചും യുവാവ് ചോദിക്കുന്നു. ‘വൺ നാഷൻ, വൺ ക്ലാസ്, വൺ കരിക്കുലം, വൺ പബ്ലിക്കേഷൻ’ എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സ്വകാര്യ സ്കൂളുകൾ ഈ തുക ഈടാക്കുന്നത് എന്നാണ് യുവാവിന്റെ അടുത്ത ചോദ്യം. 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഭൂരിഭാ​ഗം പേരും യുവാവിനെ അനുകൂലിച്ചു. പല സ്വകാര്യസ്കൂളുകളും ലാഭം മാത്രമാണ് നോക്കുന്നത് എന്നും പലരും ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin