‘ആരാണിയാള്‍’? അമേരിക്കയില്‍ ട്രെന്‍ഡ് ആയി ഹൃത്വിക് റോഷന്‍, കാരണം ഇതാണ്

ഇന്‍റര്‍നെറ്റ് കാലത്ത് പൊടുന്നനെ സ്വാഭാവികമായി രൂപപ്പെടുന്ന ചില ട്രെന്‍ഡുകളുണ്ട്. കേവലം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നോ ഒരു റീലില്‍ നിന്നോ ഒക്കെ അത് നിരവധി ആളുകളിലേക്ക് എത്താറും ചര്‍ച്ചയാവാറുമുണ്ട്. അത്തരത്തില്‍ യുഎസിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ആണ്.

ഏറ്റവും സുന്ദരന്മാരായ നടന്മാരുടെ പട്ടികയിലെ മുന്‍നിരയില്‍ എല്ലായ്പ്പോഴും ഇടംപിടിക്കാറുള്ള ആളാണ് ഹൃത്വിക് റോഷന്‍. ഇന്ത്യയില്‍ അദ്ദേഹത്തെ അറിയാത്ത സിനിമാപ്രേമികള്‍ ഉണ്ടാവാന്‍ ഇടയില്ല. എന്നാല്‍ ബോളിവുഡ് സിനിമകള്‍ കണ്ടിട്ടില്ലാത്ത വലിയൊരു ശതമാനമുള്ള യുഎസിലെ കാര്യം അങ്ങനെയല്ലല്ലോ? അവിടെ ഒരാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സില്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് തുടക്കം. ഒരേ പ്രായത്തിലുള്ള, രണ്ട് വ്യത്യസ്ത കാലങ്ങളിലുള്ള രണ്ട് മനുഷ്യരുടെ ചിത്രങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. 50 വയസുള്ള 1985 ലെ ആളുകളുടെ ഉദാഹരണമായി ഒരാളുടെ ചിത്രവും 2025 ല്‍ 50 വയസുള്ള ആളുടെ ചിത്രവുമായി ഹൃത്വിക് റോഷന്‍റെ ചിത്രവുമാണ് ചേര്‍ത്തിരുന്നത്.

പോസ്റ്റ് ആദ്യമായി ഫീഡില്‍ വന്ന പലര്‍ക്കും ഹൃത്വിക്കിനെ കണ്ട് പരിചയമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ ഇത് ആരാണെന്ന് അന്വേഷിച്ചു. പിന്നാലെയാണ് അദ്ദേഹം ആരാണെന്ന് വിവരിച്ചുകൊണ്ടുള്ള മറുപടികളും പോസ്റ്റില്‍ കമന്‍റുകളായി എത്തിയത്. ഇതോടെ ഹൃത്വിക് റോഷന്‍ എന്ന പേര് നിരവധി പേര്‍ സെര്‍ച്ച് ചെയ്യാനും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനും തുടങ്ങി. നിലവില്‍ 10.6 മില്യണ്‍ ആളുകളിലേക്കാണ് പ്രസ്തുത പോസ്റ്റ് എത്തിയിരിക്കുന്നത്. 79,000 ലൈക്കുകളും 5300 ഷെയറുകളും 5100 കമന്‍റുകളുമാണ് ഈ എക്സ് പോസ്റ്റിന്.

 

പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കാര്യത്തെക്കുറിച്ച് ഗൗരവത്തിലും തമാശയോടെയുമുള്ള കമന്‍റുകള്‍ നിരവധി എത്തുന്നുണ്ട്. പഴയ കാലത്ത് ഇതിലും അധ്വാനിച്ചാണ് ആളുകള്‍ ജീവിച്ചിരുന്നതെന്നും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അത് ആവശ്യമായിരുന്നെന്നുമാണ് ഒരാളുടെ കമന്‍റ്. വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ലുക്കിനെക്കുറിച്ച് ആലോചിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നാണ് മറ്റൊരു കമന്‍റ്. ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പുതിയ കാലത്ത് ആരോഗ്യ കാര്യങ്ങളില്‍ ആളുകളുടെ ശ്രദ്ധ കൂടുന്നതിനെക്കുറിച്ചുമൊക്കെ താഴെ കമന്‍റുകള്‍ ഉണ്ട്. അതേസമയം വാര്‍ 2 ആണ് ഹൃത്വിക് റോഷന്‍റേതായി എത്താനിരിക്കുന്ന അടുത്ത ചിത്രം. 

ALSO READ : ‘ഇതെങ്ങനെ ക്രിസ്ത്യാനികള്‍ക്ക് അപമാനമാകും’? ‘എമ്പുരാനി’ലെ രംഗത്തെക്കുറിച്ച് തമ്പി ആന്‍റണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin