ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ്; 3-0 തോൽവിയ്ക്ക് പിന്നാലെ ലഭിച്ചത് ഹാട്രിക് പിഴ!

പാകിസ്ഥാൻ ക്രിക്കറ്റിന് ഇതെന്ത് പറ്റി? തുടര്‍ പരാജയങ്ങളേറ്റ് വാങ്ങിക്കൊണ്ടേയിരിക്കുന്ന പാകിസ്ഥാന് കളിക്കളത്തിലും അച്ചടക്കം പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന പാകിസ്ഥാന് ഇരുട്ടടിയായി വീണ്ടും പിഴയും ലഭിച്ചിരിക്കുകയാണ്. 

ആദ്യത്തെ രണ്ട് മത്സരങ്ങളിൽ കുറഞ്ഞ ഓവര്‍ നിരക്കിന് പാകിസ്ഥാൻ ടീമിന് പിഴ ചുമത്തിയിരുന്നു. ഇപ്പോൾ ഇതാ മൂന്നാം മത്സരത്തിലും സമാനമായ കുറ്റത്തിന് പാകിസ്ഥാന് പിഴ ലഭിച്ചിരിക്കുകയാണ്. ഇതോടെ 3-0ന് പരാജയപ്പെട്ട പാകിസ്ഥാൻ ടീമിന് മൂന്ന് മത്സരങ്ങളിൽ തുടര്‍ച്ചയായി പിഴയും അടയ്ക്കേണ്ടി വന്നിരിക്കുകയാണ്. മൂന്നാം മത്സരത്തിൽ മാച്ച് ഫീയുടെ 5 ശതമാനമാണ് പിഴ അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ പൂര്‍ത്തിയാക്കേണ്ട ഓവര്‍ നിരക്കിനേക്കാൾ ഒരു ഓവര്‍ കുറവ് പൂര്‍ത്തിയാക്കാനേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത ഓവറിൽ താഴെയാണെങ്കിൽ ഓരോ ടീമിനും അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തും. 

ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ 4-1 ന് പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന പരമ്പരയിൽ പാകിസ്ഥാൻ പൂര്‍ണമായി കീഴടങ്ങിയത്. കീവീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് പിന്നാലെ പാകിസ്ഥാൻ ടീമിന്റെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നതാണ് പിഴ എന്ന കാര്യത്തിൽ സംശയമില്ല. അടുത്തിടെ സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാകിസ്ഥാൻ പുറത്തെടുത്തത്. ഇതെല്ലാം തന്നെ വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ നേതൃത്വത്തിനെതിരെയും കളിക്കാര്‍ക്കെതിരെയും കൂടുതൽ ചോദ്യങ്ങൾ ഉയർത്തുമെന്നതും ഉറപ്പാണ്.

READ MORE: ബുമ്ര റിട്ടേൺസ്! മുംബൈ ഇനി ഡബിൾ സ്ട്രോംഗ്; ടീമിനൊപ്പം ചേര്‍ന്ന് സ്റ്റാര്‍ പേസര്‍

By admin