‘അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്’; സിറാജുദ്ദീന്‍റെ ക്രൂരത

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് രക്തംവാര്‍ന്ന് 35കാരി മരിച്ചതില്‍ നടുങ്ങി കേരളം. പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദിന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണ്. പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും  ഗുരുതരാവസ്ഥയിലായിട്ടും നോക്കിനിന്നുമാണ് ബന്ധുക്കളുടെ ആരോപണം. ചോരകുഞ്ഞുമായി മൃതദേഹത്തിനൊപ്പം മണിക്കൂറികള്‍ യാത്രചെയ്തുവെന്നും ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടർന്ന് അസ്മയുടെ ഭർത്താവ് സിറാജുദ്ദിന്‍ ചികിത്സയിലാണ്. പെരുമ്പാവൂര്‍ സ്വദേശിനി അസ്മ, അന്തവിശ്വാസത്തിന്‍റെയും നടുക്കുന്ന ക്രൂരതകളുടെയും ഒടുവിലത്തെ ഇരയാണെന്നാണ് പുറത്ത് വരുന്ന വിവരം. 35 വയസിനിടെ അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇന്നലെ. അതും ആശുപത്രിയിലല്ല, മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍. അസ്മ ആശുപത്രിയില്‍ പ്രസവിക്കുന്നത് ഭര്‍ത്താവ് സിറാജുദ്ദിന് താൽപ്പര്യമുണ്ടായിരുന്നില്ല. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ അസ്മ പ്രസവവേദന വീടിലുള്ളില്‍ തന്നെ കടിച്ചമര്‍ത്തി. അന്നൊന്നും സിറാജുദ്ദിന്‍ അനങ്ങിയില്ല. ഒടുവില്‍ അഞ്ചാം പ്രസവത്തിന് വീട്ടിലെ മുറി തന്നെ ഒരുക്കി സിറാജുദ്ദിന്‍.

ഇന്നലെ ഉച്ച മുതല്‍ പ്രസവവേദനകൊണ്ട് പുളഞ്ഞ അസ്മയുടെ നിലവിളി സിറാജുദ്ദിന്‍ അവഗണിച്ചു. വീട്ടില്‍ മറ്റ് നാല് കുട്ടികളും സിറാജുദ്ദിനും മാത്രമായിരുന്നു ആ സമയം. ആറ് മണിയോടെ അഞ്ചാമത്തെ കുഞ്ഞിന് അസ്മ ജന്‍മം നല്‍കി. പ്രസവത്തെ തുടർന്ന് രക്തം വാര്‍ന്നിട്ടും സിറാജുദ്ദിന്‍ അനങ്ങിയില്ല, പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ ചോരകു‍ഞ്ഞിനെ അസ്മക്കൊപ്പം തന്നെ കിടത്തി. മൂന്ന് മണിക്കൂറോളം വേദന തിന്ന അസ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ആ സമയവും വീട്ടിലുണ്ടായിരുന്നത് സിറാജുദ്ദിന്‍ മാത്രമായിരുന്നു. ഒടുവില്‍ അസ്മയുടെ ജീവൻ അപകടത്തിലാകുമെന്ന് കണ്ടതോടെ പരിചയക്കാരെ വിളിച്ചുവരുത്തി അസ്മയെ ആംബുലന്‍സില്‍ കയറ്റി പെരുമ്പാവൂരേക്ക് തിരിച്ചു.

നവജാത ശിശുവിനെയും കയ്യിലെടുത്ത് മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവിൽ  പെരമ്പാവൂരിലെത്തിയത് അര്‍ധരാത്രിയാണ്. അപ്പോഴാണ് അസ്മയുടെ മരണവിവരം പെരുമ്പാവൂരിലെ ബന്ധുക്കള്‍ അറിയുന്നത്. ജനിച്ചപാടുള്ള യാത്രയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഒടുവില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ക്രുരത പുറത്തുവന്നതോടെ സിറാജുദ്ദിനെ പെരുമ്പാരിലെ അസ്മയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന വീഡിയോയും പുറത്തുവന്നു.
 
നിലവില്‍ സിറാജുദ്ദിന്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്. അയല്‍വാസികള്‍ക്കുപോലും സിറാജുദ്ദിനെ അറിയില്ലെന്നാണ് മലപ്പുറത്ത് ഇവരുടെ അയൽവാസികൾ പറയുന്നത്.  സിറാജുദ്ദിന്‍ അറിയപ്പെടാത്ത ആളെണെങ്കിലും മടവൂര്‍ ഖാഫിലയെന്ന യൂട്യൂബ് ചാനല്‍ കുറേ പേർക്ക് അറിയാം. 63000 ത്തിൽ അധികം  സബ്സ്ക്രൈബേര്‍സുള്ള ചാനവിന്‍റെ ഉടമയാണ് സിറാജുദ്ദിന്‍.  ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും നട്ടാല്‍ കുരുക്കാത്ത നുണകളുമാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് സിറാജുദ്ദീനെതിരെ നിലവില്‍ പൊലീസ് കേസെടുത്തുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അസ്മയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് സിറാജുദ്ദിനെതിരെ കേസെടുക്കുന്നതടക്കം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം. സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More :  ആറ്റിങ്ങൽ ബസിറങ്ങി കഴക്കൂട്ടത്തേക്ക് പോകാൻ ഒരു യുവതിയും 2 യുവാക്കളും; ഡാന്‍സാഫ് പിടിച്ചത് 52 ഗ്രാം ലഹരിവസ്തു
 

By admin