20 മാസം ജയിലിൽ കിടന്നിട്ടുള്ള അരുൺകുമാർ, 3 മാസം ജയിലിൽ കിടന്നിട്ടുള്ള റിജിൽ; കോഴിക്കോട് എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്. തളിക്കുളങ്ങര സ്വദേശി അരുൺകുമാർ, കുതിരവട്ടം സ്വദേശി റിജുൽ എന്നിവരാണ് പിടിയിലായത്. ഇരുവരും നേരത്തേയും എം ഡി എം എ കേസിൽ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. മീനങ്ങാടി എക്സൈസ് 330 ഗ്രാം എം ഡി എം എയുമായി പിടികൂടിയ കേസിൽ അരുൺകുമാർ 20 മാസം ജയിലിൽ കിടന്നിട്ടുണ്ട്. റിജിലാകട്ടെ എം ഡി എം എ കൈവശം വച്ചതിന് 3 മാസം ജയിലിൽ കിടന്നിട്ടുണ്ട്.

മകൻ കഞ്ചാവ് കേസിൽ പ്രതി; അന്വേഷണത്തിൽ വീട്ടുകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു എന്നതാണ്. കേസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ  ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15 ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin