മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
മാര്‍ച്ച് 27 ന് പുറത്തെത്തിയത് മുതല്‍ നാടകീയമായ സംഭവവികാസങ്ങള്‍ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ഉള്ളടക്കത്തെച്ചൊല്ലി സംഘപരിവാറില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. റീ സെന്‍സറിംഗ് വാര്‍ത്ത എത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ കളക്ഷന്‍ കൂടിയിരുന്നു. എന്നാല്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തിയതിനെത്തുടര്‍ന്ന് കളക്ഷനില്‍ വലിയ ഡ്രോപ്പും സംഭവിച്ചു. കേരള ബോക്സ് ഓഫീസില്‍ ചിത്രം നേടിയ ഏറ്റവും കുറവ് കളക്ഷന്‍ ഈ വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ വാരാന്ത്യമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അതില്‍ അല്‍പം വര്‍ധന വന്നിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഒന്‍പതാം ദിനമായ വെള്ളിയാഴ്ച 2.38 കോടി നേടിയ ചിത്രം ശനിയാഴ്ച നേടിയത് 2.86 കോടിയാണ്. ആകെ 10 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 75.79 കോടിയാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും നേടുന്ന ഏറ്റവും വലിയ ഓപണിംഗ് കളക്ഷനും നിലവില്‍ എമ്പുരാന്‍റെ പേരിലാണ്. 14.07 കോടിയാണ് റിലീസ് ദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത്. തമിഴ് ചിത്രം ലിയോയെ മറികടന്നായിരുന്നു ഈ നേട്ടം. അതേസമയം മഞ്ഞുമ്മല്‍ ബോയ്സിനെ മറികടന്നാണ് മലയാളത്തിലെ ഹയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് എമ്പുരാന്‍ നേടിയത്.
ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി