സോളാർ എയർ കണ്ടീഷണർ വാങ്ങുമ്പോൾ എന്താണ് ലാഭം? എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? അറിയേണ്ടതെല്ലാം
കാലം മാറുന്നതിനനുസരിച്ച് പലതരം മാറ്റങ്ങൾ വീടുകളിൽ വന്നിട്ടുണ്ട്. അതിൽ പ്രചാരമേറിയ ഒന്നാണ് സോളാർ പാനലിന്റെ ഉപയോഗം. സൂര്യപ്രകാശം ഉപയോഗിച്ച് ഊർജ്ജം ഉണ്ടാക്കുകയും അതുവഴി അമിതമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഇനി വീട് തണുപ്പിക്കാനും സോളാർ എയർ കണ്ടിഷണറുകൾ സ്ഥാപിക്കാം. സോളാർ എസിയുടെ ഉപയോഗങ്ങളും, ചിലവും എങ്ങനെയെന്ന് അറിഞ്ഞാലോ?
എങ്ങനെയാണ് സോളാർ എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കുന്നത്?
കൂളിംഗ് സംവിധാനങ്ങളെ തണുപ്പിക്കാൻ സൂര്യപ്രകാശത്തെ വലിച്ചെടുക്കുകയും ഇലക്ട്രിക്ക് ഗ്രിഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. സോളാർ പാനലുകളാണ് സൂര്യപ്രകാശത്തെ വലിച്ചെടുത്ത് വൈദ്യുതിയാക്കി മാറ്റുന്നത്. ശേഷം സംഭരിച്ച വൈദ്യുതിയിലൂടെ എയർ കണ്ടീഷണറെ പ്രവർത്തിപ്പിക്കുന്നു.
എന്താണ് ഉപയോഗങ്ങൾ?
1. സൗരോർജ്ജം ഉപയോഗിക്കുന്നതിലൂടെ കാർബൺ ഫൂട്പ്രിന്റ് കുറയ്ക്കുന്നു.
2. ഫോസിൽ ഇന്ധനങ്ങളിൽ നിന്നും വ്യത്യസ്തമായി സൗരോർജ്ജം സുസ്ഥിരമാണ്.
3. ഫോസിൽ ഇന്ധനങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നില്ല.
4. ആദ്യഘട്ടത്തിൽ ചിലവ് കൂടുതലാണെങ്കിലും ദീർഘകാലം അധിക ചിലവില്ലാതെ ഉപയോഗിക്കാം.
5. സർക്കാർ ആനുകൂല്യങ്ങളും ഇളവുകളും ഉള്ളതുകൊണ്ട് തന്നെ മുൻകൂർ ചിലവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
6. ബാറ്ററി ബാക്കപ്പ് ഉള്ളതുകൊണ്ട് തന്നെ കറന്റ് പോയാലും എസി പ്രവർത്തിച്ചുകൊണ്ടേയിരിക്കും.
7. 5 മുതൽ 10 വർഷം വരെ സോളാർ എയർ കണ്ടീഷണർ ഉപയോഗിക്കാൻ സാധിക്കും.
സോളാർ എസി തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
1. നിങ്ങൾക്കാവശ്യമായ വലിപ്പവും കപ്പാസിറ്റിയും മനസ്സിലാക്കിയതിന് ശേഷം മാത്രം സോളാർ എസി വാങ്ങിക്കാം.
2. ഇത് വാങ്ങുമ്പോൾ നിങ്ങളുടെ സ്ഥലം, കാലാവസ്ഥ, സ്‌പേസ് എന്നിവ നോക്കിയാവണം വാങ്ങേണ്ടത്.
3. ഇത് സ്വന്തമായി സ്ഥാപിക്കുന്നതിനേക്കാളും വിദഗ്ദ്ധരുടെ സഹായം ആവശ്യപ്പെടാം.