മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജോണി ആന്റണി. പിന്നീട് നടന്റെ മേലങ്കി കൂടി ധരിച്ച അദ്ദേഹം ഇതിനകം മലയാളികൾക്ക് സമ്മാനിച്ചത് നിരവധി മികച്ച കഥാപാത്രങ്ങൾ കൂടിയാണ്. കൂട്ടുകാരനും അയൽക്കാരനും അച്ഛനുമൊക്കെയായി അദ്ദേഹം ഏറെ ശ്രദ്ധനേടുന്ന വേഷങ്ങളിലായിരുന്നു സ്ക്രീനിൽ എത്തിയത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലും ജോണി ആന്റണി ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്.
2024 ഡിസംബർ 30ന് ആരംഭിച്ച ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് അടുത്തിടെ നിർത്തിവച്ചിരുന്നു. വീണ്ടും ചിത്രീകരണം ആരംഭിക്കാൻ പോകുന്നുവെന്നാണ് ഇപ്പോൾ ജോണി ആന്റണി പറയുന്നത്. ഒറ്റക്കൊമ്പൻ മാസ് പടമായിരിക്കുമെന്നും അദ്ദേഹം ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.
“ഒറ്റക്കൊമ്പൻ ഏപ്രിൽ 17ന് തുടങ്ങുമെന്നാണ് അറിയാൻ സാധിച്ചത്. ചിലപ്പോൾ മെയ് ആകും. കാരണം സുരേഷേട്ടന്റെ ഡേറ്റ് കൂടി നോക്കണമല്ലോ. നമ്മൾ എന്താണോ പ്രതീക്ഷിക്കുന്നത്, ആ ജോണറിലുള്ള സിനിമയാണ് ഒറ്റക്കൊമ്പൻ. ഒരു മാസ് പടമായിരിക്കും”, എന്നാണ് ജോണി ആന്റണി പറഞ്ഞത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാരംഭിച്ച ചിത്രത്തിന്റെ നിർണായ രംഗം ഇവിടെ വച്ച് ഷൂട്ടിംഗ് ചെയതിരുന്നു. കോട്ടയം, പാല എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുഷ്ക ഷെട്ടിയാകും നായിക എന്നാണ് അഭ്യൂഹങ്ങൾ. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.