സിസിടിവിയിൽ പതിഞ്ഞു, അതിവിചിത്രമായ ഡാൻസ്, ശ്രദ്ധയൊന്ന് പാളിയാൽ തീർന്നു, ഒടുവിൽ കള്ളൻ പിടിയിൽ
ഡാൻസ് കളിച്ച് ശ്രദ്ധ തിരിച്ച് വിനോദസഞ്ചാരികളുടെ പോക്കറ്റടിക്കുന്നത് പതിവാക്കിയ കള്ളൻ പിടിയിൽ. ബർമിംഗ്ഹാമിൽ ആണ് വിചിത്രമായ നൃത്തച്ചുവടുകളിലൂടെ വിനോദസഞ്ചാരികളുടെ ശ്രദ്ധ തിരിച്ച് പേഴ്സും മൊബൈൽ ഫോണും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന കള്ളനെ പൊലീസ് അതിവിദഗ്ധമായി പിടികൂടിയത്.
ഇരകളുടെ ശ്രദ്ധ തിരിക്കുന്നതിനായി ഇയാൾ ഓരോ വ്യക്തികളുടെയും സമീപത്തായി എത്തി വിചിത്രമായ രീതിയിൽ നൃത്തച്ചുവടുകൾ വയ്ക്കും. തുടർന്ന് അതിവിദഗ്ധമായി അവരുടെ പോക്കറ്റടിക്കും. ഇയാളുടെ നിരവധി മോഷണങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞെങ്കിലും മുഖം മറച്ച് നൃത്തം ചെയ്യുന്നതിനാൽ പോലീസിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പോലീസ് ഈ സൂത്രശാലിയെ പിടികൂടിയത്.
അനിസ് ബാർഡിച്ച് എന്നറിയപ്പെടുന്ന കള്ളൻ കഴിഞ്ഞ വർഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെ നഗരമധ്യത്തിൽ നാല് പേരെ തുടർച്ചയായി മോഷണത്തിന് ഇരയാക്കിയതോടെയാണ് പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചിരുന്ന ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നത് വാലറ്റുകൾ, കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവയായിരുന്നു.
എന്നാൽ, പ്രാദേശികമായി നടത്തിയ നാലു മോഷണങ്ങളിലാണ് ഇപ്പോൾ ഇയാൾ പിടിയിലായിരിക്കുന്നത്. തൻ്റെ വിചിത്രമായ നൃത്തച്ചുവടുകളിൽ അമ്പരന്നു നിൽക്കുന്ന വ്യക്തികളിൽ നിന്ന് അതിവിദഗ്ധമായാണ് ഇയാൾ തനിക്ക് ആവശ്യമുള്ള വസ്തുക്കൾ മോഷ്ടിച്ചിരുന്നത്. ഇയാളുടെ മോഷണശൈലിയെ കുറിച്ച് അന്വേഷണത്തിന് നേതൃത്വം നൽകിയ വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസും അത്ഭുതം പ്രകടിപ്പിച്ചിരുന്നു.
മോഷ്ടിച്ച ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ബാർഡിച്ച് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി. ആ ഇടപാടുകൾ ആയിരുന്നു പോലീസിന് ഇയാളെ കണ്ടെത്താൻ സഹായകരമായത്. ഇപ്പോൾ നാലു മോഷണങ്ങളിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്. മോഷണക്കുറ്റത്തിന് രണ്ടുവർഷത്തെ ജയിൽശിക്ഷയാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. ഒപ്പം ബർമിംഗ്ഹാമിൽ നിന്ന് മോഷ്ടിച്ച ആളുകൾക്ക് 2240 പൗണ്ട് (ഏകദേശം 2 ലക്ഷം രൂപ) തിരികെ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.