വീഡിയോ കോളിനിടെ ഇമോജികള്‍ ഇട്ടാല്ലോ, രസമാവില്ലേ; വാട്സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു
ദില്ലി: ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ചാറ്റിംഗ്, വോയ്സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് മാറിയിരിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ വാട്സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു.
വരാനിരിക്കുന്ന ഈ സവിശേഷതകളെക്കുറിച്ച് വാട്സ്ആപ്പ് അപ്ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്ഡിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യം.
ഇൻകമിംഗ് വോയ്സ് കോൾ അറിയിപ്പുകൾ നിശബ്ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.
വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും.
കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്സ്ആപ്പ് പദ്ധതിയിടുന്നു. ചാറ്റ് ചെയ്യുമ്പോൾ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.
Read more: ഇന്ത്യയിൽ ഒരു കോടിയോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു; കാരണം എന്താണ്?