‘വയറ്റിൽ ചവിട്ടുമെന്നും കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു’; ഒല ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് ​ഗർഭിണിയായ യുവതി

എയർ കണ്ടീഷണർ ഓണാക്കാൻ ആവശ്യപ്പെട്ടതിന് ഒല കാബ് ഡ്രൈവർ ഭീഷണിപ്പെടുത്തി എന്ന് യുവതി. ചെറി കൗണ്ടിയിൽ നിന്നും ഡൽഹിയിലെ സാകേതിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയത് എന്നാണ് ​ഗർഭിണിയായ യുവതി പറയുന്നത്. 

ക്യാബ് ഡ്രൈവർ തന്റെ ഗർഭസ്ഥ ശിശുവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ഞാൻ ചെറി കൗണ്ടിയിൽ (നോയിഡ എക്സ്റ്റൻഷൻ) നിന്നും ന്യൂഡൽഹിയിലെ സാകേതിലേക്ക് ഒരു ഒല ക്യാബ് ബുക്ക് ചെയ്തതായിരുന്നു. യാത്രയ്ക്കിടെ, ഡ്രൈവറോട് എസി ഓണാക്കാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് സമ്മതിച്ചില്ല എന്ന് യുവതി പറയുന്നു. 

‘ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും, ഞാൻ നിന്റെ വയറ്റിൽ ചവിട്ടുമെന്നും അങ്ങനെ കുഞ്ഞിനെ നഷ്ടപ്പെടുമെന്നും പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്തി’ എന്നും യുവതി തന്റെ പോസ്റ്റിൽ പറഞ്ഞു. ‘തന്നെ അയാൾ പാതിവഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചു എന്നും ഇനി എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്നു കണ്ടോ എന്ന് പറഞ്ഞു’ എന്നും യുവതി ആരോപിക്കുന്നു. 

വേദനാജനകമായ സംഭവം എന്നാണ് യുവതി ഇതിനെ വിശേഷിപ്പിച്ചത്. തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ഒലയെയും അതിന്റെ സിഇഒ ഭവിഷ് അഗർവാളിനെയും യുവതി  ടാ​ഗ് ചെയ്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ‘ഈ പെരുമാറ്റം ഒട്ടും അം​ഗീകരിക്കാൻ കഴിയുന്നതല്ല, അത് എന്നിൽ വലിയ സമ്മർദ്ദവും ഭയവും ഉണ്ടാക്കി. ഡ്രൈവർക്കെതിരെ എത്രയും പെട്ടെന്ന് തന്നെ കർശനമായ നടപടി എടുക്കണം’ എന്നും യുവതി തന്റെ പോസ്റ്റിൽ പറയുന്നു. 

ഇത്തരം ഒരു അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നു, വേണ്ട നടപടി സ്വീകരിക്കുമെന്ന് ഒല യുവതിയോട് പ്രതികരിച്ചിട്ടുണ്ട് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

By admin