ലഹരിക്കേസ് പ്രതികളായ 3 മാലിക്കാരെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസ്; പ്രതികൾ രാജ്യം വിട്ടത് പൊലീസ് സഹായത്തോടെ
തിരുവനന്തപുരം: പത്തു കോടിയിലധികം രൂപയുടെ ലഹരി മരുന്ന് പിടിച്ച കേസിൽ പൊലീസ് ഒത്താശയോടെ രാജ്യം വിട്ട മാലി പൗരന്‍മാരെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസിറക്കി ക്രൈം ബ്രാഞ്ച്. തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രതികളായ മൂന്ന് പേരെ കണ്ടെത്താനാണ് നോട്ടീസിറക്കിയത്. പ്രതികള്‍ രാജ്യം വിട്ടതിനാൽ വിചാരണ തടസപ്പെട്ടത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇടപെടൽ.
തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് 16.5 കിലോ ഹാഷിഷ് ഓയിലുമായി ഐമാൻ അഹമ്മദ്, ,ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവരെ 2018 ലാണ് പൊലീസ് പിടികൂടുന്നത്. 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിച്ച പ്രതികള്‍ രാജ്യവും വിട്ടു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച പ്രതികള്‍ പാസ്പോർട്ട് സംഘടിപ്പിച്ച് രാജ്യം വിട്ടത് എങ്ങനയെന്നത് ഇപ്പോഴും ദുരൂഹമാണ്.
പൊലീസ് അട്ടിമറിച്ച കേസിൽ ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് തുടരന്വേഷണം നടത്തുന്നത്. പ്രതികളുടെ ഫോട്ടോയും പാസ്പോര്‍ട്ടിന്‍റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ലുക്ക് ഒൗട്ട് സര്‍ക്കുലറും പുറത്തിറക്കി. ഇന്‍റര്‍പോള്‍ സഹായത്തോടെ പ്രതികളെ പിടികൂടാനാണ് ശ്രമം. പ്രതികളെ കേരളത്തിലെത്തിക്കാതെ കേസിൽ വിചാരണ തുടങ്ങാനാകില്ല. അതേസമയം, പ്രതികള്‍ക്ക് ജാമ്യം നിന്നവര്‍ക്കെതിരെ കോടതി നടപടി തുടങ്ങി. അഭിഭാഷകരുടെ ബന്ധുക്കള്‍ അടക്കമാണ് ലഹരിക്കേസ് പ്രതികള്‍ക്ക് ജാമ്യം നിന്നത്.