മേയാൻ വിട്ട പശുവിനെ കാണാനില്ല, കരച്ചിൽകേട്ട് നോക്കിയപ്പോൾ സെപ്റ്റിക് ടാങ്കിൽ; ടാങ്ക് തകർത്ത് രക്ഷാപ്രവർത്തനം
തിരുവനന്തപുരം: മേയാൻ വിട്ട ഗർഭിണി പശു സെപ്റ്റിക് ടാങ്കിൽ വീണു. നേമം ശാന്തിവിള സ്വദേശി വേലപ്പന്‍റെ പശുവാണ് സമീപത്തെ സെപ്റ്റിക് ടാങ്കിനുള്ളിലേക്ക് വീണത്. 25 അടിയോളം താഴ്ചയുള്ള ടാങ്കിൽ നിന്നും കയറാനാകാതെ അവശനിലയിൽ കാണപ്പെട്ട പശുവിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്. ഇന്നലെയായിരുന്നു സംഭവം. അടുത്ത പുരയിടത്തിൽ രാവിലെ മേയാനായി നിർത്തിയിരുന്ന പശുവിനെ കാണാതായതോടെ വേലപ്പൻ പരിസരം മുഴുവൻ അരിച്ചുപെറുക്കി. അതിനിടെയാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്നും കരച്ചിൽകേട്ടത്.
മൊബൈൽ ഫോൺ പോലും ഉപയോഗിക്കാനറിയാത്ത വേലപ്പൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്പോഴാണ് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചിരുന്നവരെ കാണുന്നത്. അവർ വന്ന് നോക്കിയെങ്കിലും ടാങ്കിനുള്ളിൽ പാതിയോളം ഇറങ്ങിയ പശു ഞെരുങ്ങി മരണത്തോട് മല്ലിട്ട നിലയിലായിരുന്നു. ഇതോടെയാണ് അവർ ഫയർഫോഴ്സിനെ വിളിച്ചത്.
Read More… കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി
വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സിന് ഒരു മീറ്റർ മാത്രം വീതിയുള്ള ടാങ്കിൽ ഇറങ്ങി പശുവിനെ രക്ഷപെടുത്തുന്നത് വെല്ലുവിളിയായിരുന്നു. ഹോസ് ഉപയോഗിച്ച് ബന്ധിച്ച് കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഉദ്യോഗസ്ഥർ വളരെ പണിപ്പെട്ട് ടാങ്കിന്‍റെ മുകളിലെ റിങ് തകർത്ത് കരയിലേക്ക് നടപ്പാത വെട്ടിയാണ് പശുവിനെ കരയിലെത്തിച്ചത്. രണ്ടരമണിക്കൂറോളം പണിപ്പെട്ടെങ്കിലും കാര്യമായ പരുക്കുകളില്ലാതെ പശുവിനെ കരയിലെത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തിരുവനന്തപുരം നിലയത്തിൽ നിന്നും ഉദ്യോഗസ്ഥൻ സജികുമാറിന്‍റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനയെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.