ശ്രീലങ്ക: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനുരാധപുരയിലെത്തി. തുടർന്ന് മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേയും സംയുക്തമായി മഹോ – അനുരാധപുര റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഒരു പദ്ധതിയാണിത്. ഇതിന് പുറമെ, മഹോ-ഒമാന്തായി റെയിൽവേ ലൈനിന്റെ റെയിൽവേ ട്രാക്ക് ഉദ്ഘാടനവും നിർവഹിച്ചു.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മോദി ശ്രീലങ്കയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. അതുപോലെ തന്നെ, ദിസനായകെ അധികാരമേറ്റതിനു ശേഷം ഒരു വിദേശ നേതാവ് ശ്രീലങ്ക സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അനുര കുമാര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റത്. 2019ലായിരുന്നു മോദി അവസാനമായി ശ്രീലങ്ക സന്ദർശിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഒപ്പുവച്ച കരാറുകൾ :
1. വൈദ്യുതി ഇറക്കുമതി/കയറ്റുമതിക്കായി എച്ച്.വി.ഡി.സി ഇന്റർകണക്ഷൻ നടപ്പിലാക്കുന്നതിനായി രണ്ടു ഗവണ്മെന്റുകളും തമ്മിലുള്ള ധാരണാപത്രം.
2. ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ധാരണാപത്രം.
3. ട്രിങ്കോമാലി ഒരു ഊർജ്ജ കേന്ദ്രമായി വികസിപ്പിക്കുന്നതിൽ സഹകരണത്തിനായി ഇന്ത്യാ-ശ്രീലങ്കൻ ഗവൺമെന്റുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം.
4. പ്രതിരോധ സഹകരണത്തിൽ രണ്ടു ഗവണ്മെന്റുകളും തമ്മിൽ ഉള്ള ധാരണാപത്രം.
5. ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയ്ക്കുള്ള മൾട്ടി സെക്ടറൽ ഗ്രാന്റ് സഹായത്തെ കുറിച്ചുള്ള ധാരണാപത്രം.
6. ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ശ്രീലങ്കയുടെ ആരോഗ്യ മാധ്യമ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
7. ഇന്ത്യാ ഗവൺമെന്റും ശ്രീലങ്കൻ ഗവൺമെന്റും തമ്മിലുള്ള ഫാർമക്കോപ്പിയൽ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *