മഹേല സ്ഥിരീകരിച്ചു, നാളെ ആര്‍സിബിയെ വിറപ്പിക്കാന്‍ ജസ്പ്രിത് ബുമ്ര മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടാവും

മുംബൈ: പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ജസ്പ്രിത് ബുമ്ര മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നിരുന്നു. ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചു. ഇതോടെയാണ് താരം മുംബൈ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരം കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ലായിരുന്നു. അക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധന. 

ആര്‍സിബിക്കെതിരെ ബുമ്ര നാളെ കളിക്കുമെന്നാണ് മഹേല പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ആര്‍സിബിക്കെതിരെ ബുമ്ര കളിക്കും. അദ്ദേഹം ഇന്ന് പരിശീലനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ നാളെ കളിക്കാന്‍ സാധിക്കും. നാഷണല്‍ ക്രിക്കറ്റ് അക്കദാമിയിലും ബുമ്ര പരിശീലന സെഷനുകള്‍ നടത്തിയിരുന്നു. ബുമ്ര പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്.” മഹേല വ്യക്തമാക്കി. അവനെ പരിശീലന ക്യാംപില്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മഹേല വ്യക്തമാക്കി. 

മഹേല തുടര്‍ന്നു… ”അദ്ദേഹം കൊണ്ടുവരുന്ന അനുഭവസമ്പത്ത് വലുതാണ്. ട്രെന്റ് ബോള്‍ട്ടുമായി ബുമ്ര ഏറെ നേരം സംസാരിച്ചിരുന്നു. ബുമ്ര മറ്റു ബൗളര്‍മാരുമായി ഇടപെടുന്നത് ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.” മഹേല കൂട്ടിചേര്‍ത്തു. 

നാല് മത്സരങ്ങളില്‍ നിന്ന് ഒന്നില്‍ മാത്രം ജയിക്കാനായ മുംബൈക്ക് ബുമ്രയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നല്‍കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിനമായ ശ്രമത്തിലായിരുന്നു ബുമ്ര. അതിനാല്‍ തന്നെ ഈ സീസണില്‍ മുംബൈ കളിച്ച 4 മത്സരങ്ങളില്‍ ഒന്നില്‍ പോലും ഭാഗമാകാന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. ഗുജറാത്തിനെതിരായ അവസാന മത്സരത്തിലെ ടോസിന് മുമ്പ് ബുമ്ര വൈകാതെ മടങ്ങി വരുമെന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സൂചന നല്‍കിയിരുന്നു.

By admin