മധുരയെ ചെങ്കടലാക്കിയ മഹാറാലി; സിപിഎമ്മിന്റെ 24-ാം പാർട്ടി കോൺ​ഗ്രസ് സമാപിച്ചു

ചെന്നൈ: മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരം റെഡ് വോളന്റിയർമാർ പങ്കെടുത്ത മാർച്ചോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

എമ്പുരാൻ രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും ആക്രമണം നേരിട്ടെന്നും സെൻസർ ബോർഡിനെക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്‌എസ്‌ പ്രവർത്തിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. മധുര പാർട്ടി കോൺഗ്രസ്സ് സിപിഎം ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്ന് എം എ ബേബി പറഞ്ഞു.

സിപിഎമ്മിനെ ബേബി നയിക്കും

1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിലെത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്. 

By admin